ന്യൂഡൽഹി: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. പണവായ്പ നയസമിതി പുനസംഘടിപ്പിച്ചതിനുശേഷമുള്ള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. ബാങ്ക് നിരക്കും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും.
4.2 ശതമാനമാണ് ബാങ്ക് നിരക്ക്. ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് വാങ്ങുന്ന വായ്പയ്ക്കുള്ള പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്കും 3.35 ശതമാനമായി നിലനിർത്തി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്പദ്വ്യവസ്ഥയിൽ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്തു പലിശനിരക്കു കുറച്ചു വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്നു ശക്തികാന്ത ദാസ് അറിയിച്ചു.
യോഗത്തിൽ അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുന്നതിന് അനുകൂലമായാണു വോട്ടുചെയ്തത്. ഓഗസ്റ്റിൽ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടർന്നു വിതരണ ശൃംഖലയിൽ തടസമുള്ളതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റം കൂടാനാണു സാധ്യതയെന്നു യോഗം വിലയിരുത്തി.