ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ ദുരുഹതകൾ വർദ്ധിപ്പിക്കുന്നു. മരിച്ച യുവതികളുടെ ഫോണും സിമ്മും രേഷ്മ ഉപയോഗിച്ചിരുന്നു. രേഷ്മ അറസ്റ്റിലായതോടെ ഇരുവരും മാനസിക സമ്മർദത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
“അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകിയും ആണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാവണമെന്ന് മാത്രമേ വിചാരിച്ചിട്ടുള്ളു. എന്റെ മോനെ നല്ലത് പോലെ നോക്കണേ എന്റെ രഞ്ചിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല.
പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പോലീസ് പിടിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം.”ആത്മഹത്യ ചെയ്ത ആര്യയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പിൽ രേഷ്മയോടുള്ള എല്ലാ വികാരങ്ങളും പ്രതിഫലിക്കുന്നുണ്ട്.
പോലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചത് തന്നെ അവർക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു.നവജാത ശിശുവിനെ ഉപക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ, വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകൾ ഗ്രീഷ്മ എന്നിവരാണ് പോലീസ് ചോദ്യം ചെയ്യാൻ ചെല്ലണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
രേഷ്മയെ ചോദ്യം ചെയ്യും
ഇവരുടെ ആത്മഹത്യയോട് കൂടി രേഷ്മ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ കേന്ദ്രകഥാപാത്രമാകുന്നു. രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ദുരുഹതകളുടെ ഉത്തരം കണ്ടെത്താൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.കോവിഡ് പോസിറ്റീവായ രേഷ്മയെ ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങുന്നതും ബുദ്ധിമുട്ടാണ്.
ആരെങ്കിലും വ്യാജ ഐഡി ചമച്ച് രേഷ്മയുടെ കാമുകനായി അഭിനയിച്ചത് ഇവർക്കറിയാമായിരുന്നോ എന്ന സംശയവും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചു.ആത്മഹത്യ ചെയ്ത യുവതികളുടെ സിമ്മുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.