പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പൊക്കിൾകൊടിപോലും മുറിക്കാതെ ചോര കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ഗർഭവവും പ്രസവവും ദുരുഹത നിറഞ്ഞത്.
രേഷ്മ ഗർഭിണിയായിരുന്നപ്പോഴും പ്രസവിച്ചപ്പോഴും ഭർത്താവ് വിഷ്ണുവിനൊപ്പമായിരുന്നു താമസം. രേഷ്മയുടെ വീട്ടിൽ വിഷ്ണുവും രേഷ്മയുടെ മാതാപിതാക്കളായ സുദർശനൻ പിള്ളയും സീതയും രേഷ്മയുടെ സഹോദരി രശ്മിയുമുണ്ടായി രു ന്നു.
രേഷ്മ ഗർഭിണിയാണെന്ന കാര്യം ഇവരാരുമറിഞ്ഞില്ല എന്നത് സംശയത്തിനിട നല്കുന്നുണ്ട്.ഭർത്താവിൽ നിന്നു പോലും പത്ത് മാസം ഗർഭം ഒളിപ്പിച്ചു വച്ചു എന്നതും ഭർത്താവ് ഇതറിഞ്ഞതേയില്ല എന്നതും അവിശ്വസനീയമാണ്.
വിഷ്ണുവിനെയും അന്ന് പോലീസ് പല തവണ ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നാല് മാസം മുമ്പാണ് വിഷ്ണു ദുബായിലേക്ക് പോയത്.
രേഷ്മയും വിഷ്ണുവും പ്രണയവിവാഹിതരാണ്. രേഷ്മ ആറ് മാസം ഗർഭിണിയായിരിക്കമ്പോഴാണ് വിഷ്ണുവിളിച്ചു കൊണ്ട് പോയത്. മൂന്നര വയസ്സുള്ള പെൺകുട്ടിയുണ്ട്.
ഇപ്പോൾ അജ്ഞാത കാമുകന് ഒപ്പം ജീവിക്കാനാണ് പ്രസവിച്ച ആൺകുഞ്ഞിനെ ഉടൻ ഉപേക്ഷിച്ചത്.കുഞ്ഞിനെ കണ്ടെത്തിയതും പോലീസിനെ അറിയിച്ചതും പൊക്കിൾകൊടിമുറിച്ചതും വിഷ്ണുവാണ്.
ഒന്നും അറിയാത്ത മട്ടിൽ രേഷ്മ ഒപ്പം കൂടി ഇതിനെല്ലാം സഹായിക്കുകയും ചെയ്തു. ഇന്നലെ പോലീസ് സ്റ്റേഷനിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് രേഷ്മ പെരുമാറിയത്.
രേഷ്മയുടെ ത് ഉൾപ്പെടെ എട്ട് പേരെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രേഷ്മയുടെ വീട്ടിലെ കുളിമുറിയിൽ നിന്നും കിട്ടിയ സോപ്പിന്റെ കവറും പരിശോധനക്ക് വിധേയമാക്കി.
ഡിഎൻഎ ഫലവും സോപ്പ് കവറ്റിലെ രക്തത്തിന്റെ ഫലവും കഴിഞ്ഞദിവസം പോലീസിന് ലഭിച്ചു.രണ്ടിലും രേഷ്മയുടെ സാമ്പിളുമായി യോജിക്കുന്ന ഫലമായിരുന്നു.ചൊവ്വാഴ്ച തന്നെ രേഷ്മയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
രേഷ്മ പത്തു മാസം ഗർഭം വിദഗ്ദമായി ഒളിപ്പിച്ചുവെന്നതും ഇത് ഭർത്താവു പോലും അറിഞ്ഞില്ലെന്നതും സംശയങ്ങൾ വർദ്ധിപ്പിക്കുകയാണ്.ഇതിന് വീട്ടിൽ നിന്നാരു ടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
വിഷ്ണു തൊട്ടടുത്ത ദിവസം തന്നെ നാട്ടിലെത്തും. ദുരുഹതകൾ മാറാൻ ശക്തമായ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമാണെന്ന നിലപാടിലാണ് പോലീസ്.