ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് രശ്മിക മന്ദാന. പുതിയ ചിത്രങ്ങളുടെ തിരക്കുകൾക്കിടെ സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
കർണാടകയിലെ കുടകിലെ കൊടവാ ടക്ക് ആണ് താൻ ജീവിതത്തിൽ ഇന്നുവരെ സംസാരിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്.
ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്റെ മാതൃഭാഷയായ കൊടവാ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ മനോഹരമായ ഭാഷയാണിത്.
ഈ ഭാഷ അറിയാമെങ്കിൽ അല്ലെങ്കിൽ ഇതറിയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ കൊടവാ ഭാഷ നിങ്ങൾക്ക് മനസിലാവൂ – രശ്മിക വീഡിയോയിൽ പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. കൂട്ടത്തിൽ ചിലർ ഭാഷയേതെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റുചിലർ ഒന്നും മനസിലായില്ലെന്ന് പറഞ്ഞു. കൂർഗ് ഭാഷയുടെ മനോഹാരിതയെക്കുറിച്ച് കമന്റ് പോസ്റ്റ് ചെയ്തവരുമുണ്ട്.
നിലവിൽ ആറുചിത്രങ്ങളാണ് രശ്മികയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2, ധനുഷ് നായകനാവുന്ന കുബേര, റെയിൻബോ, ഗേൾഫ്രണ്ട് എന്നിവയാണ് അതിലെ തെന്നിന്ത്യൻ ഭാഷാചിത്രങ്ങൾ.
ഇതിനുപുറമേ വിക്കി കൗശൽ നായകനാവുന്ന ഛാവി, സൽമാൻ ഖാനെ നായകനാക്കി എ.ആർ.മുരുഗദോസ് ഒരുക്കുന്ന സിക്കന്ദർ എന്നീ ബോളിവുഡ് ചിത്രങ്ങളും രശ്മികയുടേതായി ഒരുങ്ങുന്നുണ്ട്.