കോഴിക്കോട്: അപകടക്കെണിയൊരുക്കി ബൈപ്പാസിലെ മരണക്കുഴി. കോഴിക്കോട് മലാപറമ്പിന് സമീപം പാച്ചാക്കിലാണ് വലിയകുഴി രൂപപ്പെട്ടത്. ഇവിടെ ഇരുചക്രവാഹനം ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുചക്രവാഹനക്കാരന് ഈ കുഴിയില്‍ വീണതാണ് അവസാനത്തേത്. മേത്തോട്ടുതാഴം പൂവുങ്ങല്‍ രമേശന്റെ മകന് രഞ്ജിത്ത് കൂമ്പില്‍ (35) ആണ് അപകടത്തില്‍പ്പെട്ടത്.
തലയ്ക്ക് സാരമായി പരിക്കേറ്റ്കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് രഞ്ജിത്ത്.
മാരുതി പോപ്പുലര്‍ ജീവനക്കാരനായ രഞ്ജിത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാല് മണിക്കൂറോളം ചോരവാര്‍ന്ന് റോഡില്‍ കിടന്ന രഞ്ജിത്തിനെ മറ്റുയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇതുള്‍പ്പെടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാകുന്നത്. പൊതുവേ തിരക്കേറിയ ഈ സ്ഥലത്തെ കുഴി നികത്താനോ അപായ സൂചന നല്‍കാനോ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.