അന്പലപ്പുഴ: നാട്ടുകാർ കാത്തിരുന്ന റോഡ് യാഥാർഥ്യമായി. എന്നാൽ, നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് തകർന്നു. ഉദ്ഘാടനം പോലും ചെയ്യാത്ത റോഡിൽ പലയിടത്തും ടാർ ഇളകി. നിർമാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം മുരളി മുക്ക് മുതൽ ദേശീയ പാത വരെയുള്ള റോഡാണ് തകർന്നത്. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 64 ലക്ഷം രൂപാ ചെലവിലാണ് 800 മീറ്റർ റോഡ് പുനർ നിർമിക്കാൻ തീരുമാനിച്ചത്. നിർമാണത്തിനായി 2 വർഷം മുൻപ് റോഡ് പൊളിച്ചിട്ടതാണ്. പിന്നീട് കാൽനട യാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏതാനും മാസം മുമ്പ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
ഒടുവിൽ എംഎൽഎ ഇടപെട്ട് വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. മാസങ്ങൾക്കുമുൻപ് ടാറിംഗ് പൂർത്തീകരിക്കുകയും ചെയ്തു.3 മീറ്റർ വീതിയിൽ ടാറിംഗും ഇരു വശത്ത് അര മീറ്റർ വീതം കോൺക്രീറ്റും ചെയ്യുമെന്നുമായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ ടാറിംഗ് പൂർത്തിയായതോടെ കരാറുകാരൻ കടന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റ ഇരു ഭാഗത്തുമുള്ള കോൺക്രീറ്റ് യാഥാർഥ്യമായില്ല. ടാർ ചെയ്ത പല ഭാഗങ്ങളും തകർന്നു. ചെറിയ കമ്പ് കൊണ്ട് കുത്തിയാൽപ്പോലും കുഴിഞ്ഞു പോകുന്ന രീതിയിലാണ് നിർമാണം. 15 ഓളം സ്കൂൾ ബസുകളും ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കാലുകൊണ്ട് നല്ലതു പോല ചവിട്ടിയാൽ കുഴിഞ്ഞു പോകുന്ന അവസ്ഥയിലാണ് റോഡ്.
കാത്തുകാത്ത് ലഭിച്ച റോഡ് മാസങ്ങൾകൊണ്ട് തകർന്നതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാർ. ഇതു സംബന്ധിച്ച് എംഎൽഎ, മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പരിശോധന നടത്താൻ ആരുമെത്തിയില്ല. അടിയന്തരമായി റീ ടാർ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.