തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സ്ആപ് ഉണ്ടാക്കി പണം തട്ടിയ കേസിലെ പ്രതി നൈജീരിയന്‍ സ്വദേശിയായ റോമാനസ് ചിബ്യൂസ് (29)നെ തിരുവനന്തപുരം ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് യുവതികളുടെ വാട്സ്ആപ് നമ്പര്‍ കരസ്ഥമാക്കിയാണ് പ്രതി ഇത്തരത്തിലുളള തട്ടിപ്പുകള്‍ നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
2017 മുതൽ വെസ്റ്റ് ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വന്നിരുന്ന ഇയാള്‍ ഇത്തരത്തിലുള്ള ഓരോ തട്ടിപ്പുകള്‍ നടത്തിയ ശേഷം ബാങ്ക് അക്കൗണ്ടുകള്‍ നിഷ്ക്രീയമാക്കിയും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും നശിപ്പിച്ച ശേഷമാണ് വാസസ്ഥലം മാറിമാറി താമസിക്കുന്നത്.
വ്യാജപേരിലും മേൽ വിലാസത്തിലും നിര്‍മിച്ച പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തുന്നതെന്നും തട്ടിപ്പിലൂടെ നേടുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബരജീവിതം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണും, ലാപ്ടോപ്പും പരിശോധിച്ചതില്‍ പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടേയും, സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും സംഘടിപ്പിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചും, ഇന്ത്യയിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലെ വെബ്സൈറ്റുകളിൽ നിന്നും മേധാവിമാരുടെ ചിത്രങ്ങളും മേൽവിലാസവും കരസ്ഥമാക്കി നവമാധ്യമങ്ങളിൽ നിരവധി വ്യാജ അക്കൗണ്ടുകളും പ്രൊഫൈലുകളും നിര്‍മിച്ചതായി കണ്ടെത്തി.
ഇയാളില്‍ നിന്നും നിരവധി എടിഎംകാര്ഡുകള്, പാസ്പോര്ട്ടുകള്, ലാപ്ടോപ്പ്, മൊബൈൽ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു.