കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹര്‍ജി നല്കി. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേയാണ് അതിജീവിതയായ നടിയുടെ ഹര്‍ജി. വിചാരണ കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്.
നിരവധി തെളിവുകളുള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന് ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.
അന്തിമ വാദം ഇന്ന് തുടങ്ങും
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന് വാദമാണ് ആദ്യത്തേത്.
തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്.
നടിയെ ആക്രിച്ച കേസില്‍ ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുന്നത്. എട്ടാം പ്രതിയായ നടന് ദിലീപ് ഉള്‍പ്പെടെ ഒമ്പതു പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വര്‍ഷങ്ങള്‍ക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസില്‍ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂര്‍ത്തിയായിരുന്നു.