ഭോപ്പാൽ: മധ്യപ്രദേശിലെ കോളജുകളിൽ ആർഎസ്എസ് നേതാക്കൾ എഴുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിർബന്ധമാക്കി. സംസ്ഥാനസർക്കാർ ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു വിഭജന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അതേസമയം, ദേശവിരുദ്ധങ്ങളായ ആശയങ്ങൾ തള്ളിക്കളയുമെന്നു ബിജെപി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. ധീരേന്ദ്ര ശുക്ല സർക്കാർ, സ്വകാര്യ കോളജ് പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ 88 പുസ്തകങ്ങളടങ്ങിയ ഒരു സെറ്റ് വാങ്ങാനാണു നിർദേശിച്ചിരിക്കുന്നത്.
ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ബന്ധമുള്ള സുരേഷ് സോണി, ദിനനാഥ് ബത്ര, ഡി. അതുൽ കോത്താരി, ദേവേന്ദ്ര റാവു ദേശ്മുഖ്, സന്ദീപ് വാസ്ലേക്കർ തുടങ്ങിയ പ്രമുഖ ആർഎസ്എസ് നേതാക്കൾ എഴുതിയ കൃതികൾ പട്ടികയിലുണ്ട്.പുസ്തകങ്ങൾ കാലതാമസം കൂടാതെ വാങ്ങണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.