പഴയങ്ങാടി: മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന മാടായി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിനെ ജില്ലാ കമ്മിറ്റി ശാസിച്ചു.
പാർട്ടി നയത്തിന് വിരുദ്ധമായി ആർഎസ്എസ് പദസഞ്ചലനത്തിന് മാടായി പഞ്ചായത്തിന് കീഴിലുള്ള മാടായിപ്പാറയിലെ ഗ്രൗണ്ട് അനുവദിച്ചതിനെതിരേ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദിനെയാണ് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ശാസിച്ചത്.
ജില്ലാ ഭാരവാഹികളുടെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് ശാസിച്ചത്. ആർഎസ്എസ് വിജയദശമി ദിനത്തിലാണ് മാടായിപ്പാറയിൽ പദസഞ്ചലനം നടത്തിയത്.
ഇതേതുടർന്ന് സംഭവം വിവാദമാകുകയായിരുന്നു. മാടായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുവാൻ യോഗം വിളിച്ചെങ്കിലും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ വിശദീകരണം ജില്ലാ കമ്മിറ്റി പാടെ തള്ളുകയായിരുന്നു. കായിക്കാരൻ സഹീദിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് ശാസന.