കോട്ടയം: വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റ് കിട്ടാനില്ല. റബര്‍ ബോര്‍ഡ് 213 രൂപയാണ് നിശ്ചയിച്ചതെങ്കിലും വ്യാപാരികള്‍ ഇന്നലെ 220 രൂപയ്ക്ക് വരെ ഉയര്‍ന്ന ഗ്രേഡ് ഷീറ്റ് വാങ്ങാന്‍ തയാറായി. നിലവിലെ സാഹചര്യത്തില്‍ റബര്‍ ബോര്‍ഡ് 230 രൂപയിലേക്ക് വില ഉയര്‍ത്തേണ്ടതാണ്.
വിപണിയില്‍ റബര്‍ കിട്ടാനില്ലാത്ത സാഹചര്യത്തിലും വ്യവസായികളുടെ സമ്മര്‍ദത്തിലാണ് റബര്‍ ബോര്‍ഡ് വില ഉയര്‍ത്താത്തതെന്ന് കര്‍ഷകര്‍ പറയുന്നു.
ലാറ്റക്സ് വിലയിലെ അപ്രതീക്ഷിത കയറ്റവും ഷീറ്റ് സംസ്കരിക്കുന്നതിലെ ക്ലേശവുമാണ് ഷീറ്റിന്റെ ലഭ്യത കുറച്ചത്. ലാറ്റക്സ് വില കിലോയ്ക്ക് 250 രൂപ വരെ കഴിഞ്ഞയാഴ്ച ഉയര്‍ന്നു. നിലവില്‍ ലാറ്റക്സ് വിലയില്‍ നേരിയ താഴ്ചയുണ്ട. ടയര്‍ കമ്പനികള്‍ക്ക് ഒരാഴ്ചത്തെ ഉത്പാദനത്തിനുള്ള ഷീറ്റേ സ്റ്റോക്കുള്ളു.
ടയര്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്പാദനം കൂട്ടാനാണ് കമ്പനികളുടെ നീക്കം. അതേസമയം ഡീലര്‍മാരുമായി ഷീറ്റ് കരാറുള്ള വ്യാപാരികള്‍ക്കും വേണ്ടത്ര അളവില്‍ ഷീറ്റ് വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുന്നില്ല.
കനത്ത മഴയില്‍ ഈ മാസം ആദ്യ രണ്ടു വാരം ടാപ്പിംഗ് പൂര്‍ണമായി മുടങ്ങി. സംസ്ഥാനത്ത് ഇപ്പോഴും 40 ശതമാനം തോട്ടങ്ങളില്‍ മാത്രമാണ് ടാപ്പിംഗ് നടക്കുന്നത്.
മഴമറ വയ്ക്കുന്നതിലെ സാമ്പത്തിക ചെലവും തൊഴിലാളി ക്ഷാമവും ഉത്പാദനം കുറയ്ക്കാന്‍ കാരണമായി. നിലവിലെ സാഹചര്യത്തില്‍ റബര്‍ ഷീറ്റ് വില വരും മാസങ്ങളിലും ഉയര്‍ന്നു നില്‍ക്കാനാണ് സാഹചര്യം.