വെള്ളിക്കുളങ്ങര: കാടിറങ്ങിയെത്തുന്ന മാൻകൂട്ടങ്ങൾ മലയോര മേഖലയിലെ റബർ കർഷർക്കു തലവേദനയാകുന്നു.റബർ മരങ്ങളുടെ തൊലി മാനുകൾ വ്യാപകമായി നശിപ്പിക്കുന്നതാണു കർഷകരെ വലയ്ക്കുന്നത്.
റബർ മരത്തിന്റെ ചുവടുഭാഗത്തെ തൊലി ഇവ കടിച്ചുതിന്നുന്നതിനാൽ മരങ്ങൾ പെട്ടെന്ന് ഉണങ്ങി നശിക്കുന്നു. നിരവധി റബർ മരങ്ങളാണ് മാനുകൾ ഇത്തരത്തിൽ നശിപ്പിച്ചിട്ടുള്ളത്.
ചൊക്കന പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും ഹാരിസണ് പ്ലാന്റേഷനിലും ഇത്തരത്തിൽ മാനുകളുടെ ശല്യം അനുഭവപ്പെടുന്നുണ്ട്.
മ്ലാവ് ഇനത്തിൽപ്പെട്ടവയാണ് കൂടുതൽ ശല്യം ചെയ്യുന്നത്. മാനുകളെ ചെറുക്കാനായി ഹാരിസണ് എസ്റ്റേറ്റുകളിലും ചില ഭാഗങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും റബർ മരത്തിനു ചുറ്റും മൂന്നടിയോളം ഉയരത്തിൽ പ്ലാസ്റ്റിക് വലകൾ കൊണ്ടു പൊതിയുന്നുണ്ട്.
വനാതിർത്തിയിലുടനീളം സോളാർ വേലി നിർമിച്ചാൽ മാനുകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കുറയുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.