കോട്ടയം: തമിഴ്നാട്ടിൽ അൽഉമ്മ തീവ്രവാദികൾക്കായി കാറുകൾ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു. തീവ്രവാദസംഘത്തലവൻ തൊപ്പി റഫീഖിന്റെ മകൻ കോയന്പത്തൂർ കരിന്പുകടയിൽ സാറമേട് തിപ്പു നഗറിൽ റിയാസുദീനെ (31) യാണ് അറസ്റ്റു ചെയ്തത്.
റിയാസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് സംഘം കോട്ടയത്തുനിന്നും തട്ടിയെടുത്ത റിട്ടയേർഡ് എസ്ഐയുടെ കാറും പിടിച്ചെടുത്തു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽനിന്നും നൂറുകണക്കിനു കാറുകൾ കടത്തിയ കേസിൽ മുന്പ് അറസ്റ്റിലായ അൽ ഉമ്മ സംഘത്തലവൻ തൊപ്പി റഫീഖ് എന്ന കോയന്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖ് (62) ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കോയന്പത്തൂർ ബോംബ് സ്ഫോടനക്കേസിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നു ഭീഷണി മുഴക്കിയതും അടക്കമുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദ് റഫീഖ്. രണ്ടു മാസം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം.
തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയംപറന്പിൽ കെ.എ. നിഷാദ് (37)എന്നിവർ ചേർന്നു കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി 11 കാറുകൾ കടത്തിയിരുന്നു. ഇതിൽ കോട്ടയം ജില്ലയിലെ റിട്ടയേർഡ് എസ്ഐയുടെ കാറും ഉൾപ്പെട്ടിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ പ്രതികളാണു തട്ടിയെടുക്കുന്ന കാറുകൾ തമിഴ്നാട്ടിൽ തീവ്രവാദികൾക്കാണു കൈമാറുന്നതെന്നു വെളിപ്പെടുത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊപ്പി റഫീഖിനെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ താൻ കാറുകൾ പൊളിച്ചു വിൽക്കുകയായിരുന്നുവെന്നാണ് തൊപ്പി റഫീഖ് പോലീസിനു മൊഴി നൽകിയത്.
ഇതേത്തുടർന്നു കാർ കണ്ടെത്താൻ മറ്റു മാർഗങ്ങൾ പോലീസ് തേടുകയായിരുന്നു. ഇതിനിടെയാണ് തൊപ്പി റഫീഖിന്റെ മകൻ റിയാസുദീൻ അച്ഛനെ കാണാൻ രഹസ്യമായി കോട്ടയം ജില്ലാ ജയിലിൽ എത്തിയത്. റിയാസുദീൻ ജയിലിൽ എത്തിയതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു വിവരം ലഭിച്ചു.
കേസ് അന്വേഷിച്ച പോലീസ് സംഘം റിയാസുദീനെ പിടികൂടി വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് റിയാസുദീന്റെ നേതൃത്വത്തിൽ കാറുകൾ മറിച്ചു വിൽക്കുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തിയത്. കേരളത്തിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന കാറുകൾ കൈകാര്യം ചെയ്തിരുന്നത് റിയാസുദീനായിരുന്നു.
കോട്ടയത്തെ റിട്ടയേർഡ് എസ്ഐയിൽനിന്നും തട്ടിയെടുത്ത ഇന്നോവകാർ രണ്ടു ലക്ഷം രൂപയ്ക്കു തിരുന്നൽവേലി സ്വദേശി ബാലുവിനു വിൽക്കുകയായിരുന്നു എന്നു റിയാസുദീൻ സമ്മതിച്ചു. തുടർന്നു പോലീസ് സംഘം തമിഴ്നാട്ടിലെത്തി കാർ പിടിച്ചെടുത്തു.
റിയാസിന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയ്ക്കു മുകളിൽ പണമുണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള വാട്സ്അപ്പ് ഗ്രൂപ്പുകളിൽ റിയാസുദീൻ അംഗമാണെന്നു ഇയാളുടെ മൊബൈൽ ഫോണ് വിശദാംശങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ റിയാസുദീനെ റിമാൻഡ് ചെയ്തു.