നിരവധി തടസങ്ങള്‍ നിലനില്‍ക്കെയും എരുമേലിയില്‍ എയര്‍പോര്‍ട്ടും റെയില്‍വേയും എത്തുമെന്നു പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും കാല് നൂറ്റാണ്ടായി ഇഴയുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിട്ടുണ്ട്.
ശബരിപാത ഒഴിവാക്കാനും പകരം ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്ക് പാത നിര്‍മിക്കാനും ഏറെക്കുറെ തീരുമാനിച്ചിരുന്നു. അങ്കമാലിയില്‍നിന്ന് എരുമേലി വരെ വിഭാവനം ചെയ്യുന്ന പാത ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ നേട്ടമാകും. നിലവില്‍ കാലടി വരെ പാതയും പാലവും പൂര്‍ത്തിയായിട്ടുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ പാത കടന്നുപോകുന്നു. ജില്ലയില്‍ പാലാ – തൊടുപുഴ റോഡില്‍ പിഴക് വരെ മാത്രം റവന്യു റെയില്‍വേ സംയുക്ത സര്‍വേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. രാമപുരം മുതല്‍ എരുമേലി വരെ ആകാശ സര്‍വേ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലാണ് കോട്ടയം ജില്ലയിലെ സ്റ്റേഷനുകള്‍.
രാമപുരം, ഭരണങ്ങാനം റെയില്‍വേ സ്റ്റേഷനുകള്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി റെയില്‍വേ സ്റ്റേഷനുകള്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുമാണ്. 3,801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേ കഴിഞ്ഞ നവംബറില്‍ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1,905 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്.