പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് വരുന്ന ശബരിമല മണ്ഡലകാലത്ത് തുടര്‍ച്ചയായ ജോലിഭാരം അടിച്ചേല്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
16 ദിവസത്തിലധികം ശബരിമലയില്‍ ഇവരെ ജോലിക്ക് നിയോഗിക്കുന്നത് അനാരോഗ്യത്തിന് ഇടയാക്കുമെന്ന പരാതി കണക്കിലെടുക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഇത്തരം നിയമനങ്ങളില്‍ പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന നിയമന രീതി ആരോഗ്യ വകുപ്പിനും പിന്തുടരാമെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരെയും ശബരിമല ജോലിക്കായി നിയോഗിക്കണം.
വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്താവുന്ന മേഖലയില്‍ അവരുടെ കൂടി സേവനം സ്വീകരിച്ച് ലിംഗനീതി ഉറപ്പാക്കണമെന്നും കമ്മീഷന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
പത്തനംതിട്ട ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ഫീല്‍ഡ് അസ്സിസ്റ്റന്റുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മന്ത് രോഗപ്രതിരോധം, മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കുപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പരാതിക്കാര്‍ നടത്തുന്നത്.
പരാതിക്കാരുടെ യൂണിറ്റിലെ 12 ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ആറു പേര് വനിതകളായതിനാല്‍ പുരുഷ ജീവനക്കാരെയാണ് ശബരിമല കാലഘട്ടം അവസാനിക്കുന്നതുവരെ ജോലിക്ക് നിയോഗിക്കുന്നതെന്നാണ് പരാതി.
പത്തനംതിട്ട ജില്ലാവെക്ടര്‍ കണ്ട്രോള് യൂണിറ്റില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.