ഡൊമനിക് ജോസഫ്
മാന്നാർ: കോവിഡ് തകർത്തെറിഞ്ഞ അനേകായിരം ജീവിതങ്ങൾ നിലനിൽപ്പിനായി പുത്തൻ മേഖലകൾ പരീക്ഷിക്കുകയാണ്.വ്യാപാര, ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധികൾക്കൊപ്പം ബസ്, ടാക്സി, ഓട്ടോ മേഖലകളും പ്രശ്നത്തിൽ ആയി. ഇതിൽ തന്നെ കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയത് സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.
അന്നന്നത്തെ അന്നം തേടി ഓട്ടോറിക്ഷയുമായി സ്റ്റാൻഡുകളിൽ എത്തുന്നവർക്ക് കോവിഡ് കാലം ശരിക്കും ദുരിതമായിരുന്നു. കോവിഡ് ഇല്ലാത്ത പ്പോൾ പോലും കഷ്ടിച്ച് കാര്യങ്ങൾ നടത്തി വന്നിരുന്ന ഇവർക്ക് കോവിഡ് കാലത്ത് ഓട്ടം കിട്ടാറേയില്ല.
ജീവിതം പ്രയാസപൂർണമായപ്പോഴാണ് ബഷീർ പുതിയ ആശയവുമായി രംഗത്തെത്തിയത്. ഓട്ടോ ഓടിച്ച് ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കി വച്ചിരുന്നു ഇദ്ദേഹം.
എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ഓട്ടോയിൽ നിന്ന് വരുമാനം ഇല്ലാതായതോടെ ജീവിതം വഴിമുട്ടിയ ബഷീർ ഓട്ടോ ഒരു സ്റ്റേഷനറി കടയാക്കി മാറ്റുകയായിരുന്നു.
ഈ സഞ്ചരിക്കുന്ന ഓട്ടോ സ്റ്റേഷനറി കടയിൽ ലഭിക്കാത്തതായി ഒന്നുമില്ല. അലൂമിനിയം പാത്രങ്ങൾ, പ്ലാസ്റ്റിക് ബക്കറ്റുകൾ, സ്റ്റീൽ പാത്രങ്ങൾ, കളിപ്പാ ട്ടങ്ങൾ തുടങ്ങി ചെറുതും വലുതുമായ നൂറോളം വിവിധ സാധനങ്ങൾ ഈ സഞ്ചരിക്കുന്ന കടയിലുണ്ട്.
കോറോണ കാരണം പുറത്തേക്ക് ഇറങ്ങാത്തവർക്ക് അവരവരുടെ വീട്ടുപടിക്കലേക്ക് സ്റ്റേഷനറിക്കട എത്തുന്നത് വലിയ അനുഗ്രഹമാണ്. ‘സഹായി’ എന്ന് വിളിക്കുന്ന ബഷീറിന്റെ ഓട്ടോറിക്ഷ ഇന്ന് എല്ലാവർക്കും ഒരു അദ്ഭുതമാണ്.