റാന്നി: പരീക്ഷയെഴുതാൻ കോളജിലെത്താൻ ബസ് കിട്ടാതെ സങ്കടപ്പെട്ട സാന്ദ്രയ്ക്ക് സഹായവുമായി കെഎസ്ആർടിസി ജീവനക്കാർ.
കെഎസ്ആർടിസി റാന്നി ഡിപ്പോയിലെ കണ്ടക്ടർ സതീഷാണ് സാന്ദ്രയെ ബൈക്കിൽ കയറ്റി സമയത്തിന് കോളജിലെത്തിച്ചത്.
തന്റെ ഭാവിയെത്തന്നെ ബാധിക്കുമായിരുന്ന സാഹചര്യത്തിൽ തുണയായെത്തിയ കണ്ടക്ടറെക്കുറിച്ച് സാന്ദ്ര ഫേസ് ബുക്കിൽ എഴുതിയതോടെയാണ് നൻമ നാടറിഞ്ഞത്.
വെച്ചൂച്ചിറ പോളിടെക്നിക്ക് കോളജിലെ അവസാന വർഷ ബയോമെഡിക്കൽ എൻജിനീയറിംഗ് വിദ്യാർഥിനിയാണ് അടൂർ സ്വദേശിയായ സാന്ദ്രാ ശിവരാജൻ.
14 നായിരുന്നു ഫിസിക്സ് പരീക്ഷ. ബസുകൾ കുറവായതിനാൽ റാന്നി സ്റ്റാൻഡിലെത്തിയപ്പോഴേക്കും വെച്ചൂച്ചിറക്കുള്ള ബസ് പോയി. ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു പരീക്ഷ.
3.10 നായിരുന്നു വെച്ചൂച്ചിറയ്ക്കുള്ള അടുത്ത ബസ്. പരീക്ഷ എഴുതാൻ കഴിയാത്തതിൽ സങ്കടപ്പെട്ട് കരഞ്ഞ സാന്ദ്രയെ കണ്ട കെഎസ്ആർടിസി ഉദ്യോഗസ്ഥർ കാര്യം തിരക്കി.
ഡിപ്പോ ഇൻചാർജിന്റെ ബൈക്കെടുത്ത് അന്ന് ഡ്യൂട്ടിയിലില്ലായിരുന്ന സതീഷ് സാന്ദ്രയെ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് കോളജിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം റാന്നി കെഎസ്ആർടിസി ഡിപ്പോയിൽ ഞാൻ കുറച്ചു ദൈവങ്ങളെ കണ്ടു എന്നായിരുന്നു സാന്ദ്ര ഇതേക്കുറിച്ച് ഫേസ്ബുക്കിൽ എഴുതിയത്.
യാതൊരു മുൻപരിചയവും ഇല്ലാത്ത തന്നെ സഹായിച്ച സതീഷിനും ഡിപ്പോയിലെ മറ്റു ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും സാന്ദ്ര പറഞ്ഞു.