കാഷ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്താവനയ്ക്കെതിരേ നടിയും മുൻ എംപിയും ബിജെപി നേതാവുമായ വിജയശാന്തി രംഗത്ത്.
അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്നായിരുന്നു വിജയശാന്തിയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു വിജയശാന്തിയുടെ പ്രതികരണം.
കള്ളനെ തല്ലുന്നതും തെറ്റ് ചെയ്തതിന് അമ്മ മകനെ തല്ലുന്നതും എങ്ങനെ സമാനമാകും? നിങ്ങൾ കള്ളനോടും അമ്മയോടും ഒരേ രീതിയിലാണോ പെരുമാറുക?
വ്യക്തികൾ അവർക്ക് അറിയാത്ത വിഷയങ്ങളിൽ മൗനം പാലിക്കാൻ ശ്രദ്ധിക്കണം. വ്യക്തിത്വങ്ങൾ അവരുടെ പ്രശസ്തി സുരക്ഷിതമാക്കാൻ സമൂഹത്തിൽ ജാഗ്രത പാലിക്കണമെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്തത്.
വിരാടപർവം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ നടി സായ് പല്ലവി നടത്തിയ പ്രതികരണമാണ് വലിയ വിവാദമായത്.
സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് തേടിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്നായിരുന്നു സായ് പല്ലവിയുടെ വാക്കുകൾ.
ഞാൻ വളർര്ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല.
എന്നാൽ കാഷ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കാഷ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരാളെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു.
ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നും നടി പറഞ്ഞിരുന്നു.നടിയുടെ പ്രതികരണത്തിനെതിരേ സംഘപരിവാർ കേന്ദ്രങ്ങൾ രംഗത്തെത്തിയിരുന്നു. താരത്തിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബോയിക്കോട്ട് സായി പല്ലവി എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ വിദ്വേഷ പ്രചാരണവും നടന്നിരുന്നു.
ബജ്റംഗ്ദള്‍ നടിക്കെതിരേ പരാതിയും നൽകിയിരുന്നു. പ്രസ്താവനയിൽ സായ് പല്ലവിക്കെതിരേ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ‘