ചാത്തന്നൂർ: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ കരാർജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ഇരുന്നൂറോളം ജീവനക്കാർ ശമ്പള കുടിശിക ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 10-മുതൽ സമരം ആരംഭിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരനും മെഡിക്കൽ കോളേജ് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്.
കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ഇവിടുത്തെ ജീവനക്കാർ പണിമുടക്ക് സമരം നടത്തിയാൽ ആശുപത്രിയുടെ പ്രവർത്തനവും കോവിഡ് ചികിത്സയും അവതാളത്തിലാകും.
ജീവനക്കാകഴിഞ്ഞ മാസവും ജീവനക്കാർ സമരത്തിനൊരുങ്ങിയതാണ്. ജീവനക്കാർക്ക് മാസം തോറും കൃത്യമായി ശമ്പളം ലഭിക്കാറില്ല. കഴിഞ്ഞ മാസം സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് 15 ദിവസത്തെ ശമ്പളം നല്കിയാണ് സമരത്തിൽ നിന്നും ജീവനക്കാരെ പിന്തിരിപ്പിച്ചത്.
എറണാകുളം ആസ്ഥാനമായി പ്രവർത്തികന്ന സ്ഥാപനമാണ് കരാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.സർക്കാരിൽ നിന്നും ബിൽ മാറുമ്പോൾ ഓരോ ജീവനക്കാരിൽ നിന്നും രണ്ടായിരം രുപ വീതം കമ്മീഷൻ എടുത്ത ശേഷമാണ് ശമ്പളം നല്കുന്നത്. കരാറുകാരന് തോന്നുന്ന സമയത്താണ് ശമ്പളം നല്കുന്നതും.
കുടാതെ ഇവരിൽ നിന്നും ഡിപ്പോസിറ്റ് എന്ന പേരിൽ ഒരു മാസത്തെ ശമ്പളം മുൻകൂറായി വാങ്ങിയിട്ടുണ്ടെന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു.കടുത്ത ചൂഷണമാണ് കരാറുകാരൻ നടത്തുന്നത്.
പിഎഫ് ഇനത്തിൽ തൊഴിലാളി വിഹിതം കൃത്യമായി പിരിക്കുന്നുണ്ടെങ്കിലും ഇത് അടയ്ക്കുന്നതായുള്ള ഒരു രേഖയും നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് രോഗികളുമായി നിരന്തരം ഇടപെടുന്ന കരാർ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കുന്നതിലും വീഴ്ച വരുത്തുകയാണ്.
കരാർ ന്യവസ്ഥകൾ ലംഘിച്ച് തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുന്ന കരാറുകാരനെ മാറ്റണമെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും പിഎഫ്. കുടിശിക തീർത്ത് രസീത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി ചർച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് സമരം നടത്താൻ തീരുമാനിച്ചതെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികളായ എ.സുന്ദരേശൻ (സി ഐ ടി യു ) ശ്രീകുമാർ പാരിപ്പള്ളി (എ ഐ ടി യു സി) ബിജു പാരിപ്പള്ളി, പാരിപ്പള്ളി വിനോദ് (ഐ എൻ ടി യു സി) എന്നിവർ അറിയിച്ചു.