കൊച്ചിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെന്നിന്ത്യൻ നടി സാമന്ത. മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകൾ കൂടി പങ്കുവച്ചുകൊണ്ടാണ് സാമന്ത തന്റെ അഭിപ്രായം അറിയിച്ചത്. റാഗിംഗ് മൂലമാണ് പതിനഞ്ചുകാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർഥി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ തന്റെ അഭിപ്രായം അറിയിച്ചത്. വാർത്തകേട്ട് താൻ ആകെ തകർന്നുവെന്നും ബുള്ളിയിംഗ് ഒരു ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. “#JusticeForMihir” എന്ന തലക്കെട്ടിൽ വിദ്യാർഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു.
“ഈ വാർത്ത എന്നെ ആകെ തകർത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചുപേർ ചേർന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാൽ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു. മാനസികവും വൈകാരികവും ചിലപ്പോൾ ശാരീരികവുമായ ആക്രമണമാണ് ഇത്.
പ്രത്യക്ഷത്തിൽ നമുക്ക് കർശനമായ റാഗിംഗ് വിരുദ്ധ നിയമങ്ങളുണ്ട്, എന്നിട്ടും നമ്മുടെ വിദ്യാർഥികൾ നിശബ്ദരായി. സംസാരിക്കാൻ ഭയപ്പെടുന്നു, അനന്തരഫലങ്ങളെ ഭയപ്പെടുന്നു, ആരും കേൾക്കില്ലെന്ന് ഭയപ്പെടുന്നു. എവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്? ഈ വാർത്തയെ വെറും അനുശോചനം കൊണ്ട് നേരിടാനാവില്ല.
അതിൽ നടപടി ആവശ്യപ്പെടുന്നു. അധികാരികൾ ഇതിന്റെ എല്ലാവശവും പരിശോധിക്കുമെന്ന് ഞാൻ കരുതുന്നു. ഈ സംവിധാനങ്ങൾ സത്യം നിശബ്ദമാക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മിഹിറിന് നീതി ലഭിക്കണം. അവന്റെ മാതാപിതാക്കൾ അത് അർഹിക്കുന്നു. കർശനമായ നടപടി ഉടൻ സ്വീകരിക്കണം.
നമുക്ക് നമ്മുടെ കുട്ടികളെ സഹാനുഭൂതിയും ദയയും പഠിപ്പിക്കാം, ഭയവും വിധേയത്വവും വേണ്ട. മിഹിറിന്റെ മരണം ഒരു ഉണർവ് വരുത്തണം. അവനുവേണ്ടിയുള്ള നീതി അർഥമാക്കുന്നത് മറ്റൊരു വിദ്യാർഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അത്രമാത്രം നമ്മൾ അവനോട് കടപ്പെട്ടിരിക്കുന്നു”- സാമന്ത കുറിച്ചു. നേരത്തെ നടൻ പൃഥ്വിരാജ്, നടി അനുമോൾ ഉൾപ്പെടെയുള്ള താരങ്ങളും സമാന പ്രതികരണവുമായി രംഗത്തുവന്നിരുന്നു.