ബാങ്കോക്ക്: മ്യാൻമറിൽ മുൻ ഭരണാധികാരി ആംഗ് സാൻ സു ചിയുടെ തടവുശിക്ഷയിൽ പട്ടാള ഭരണകൂടം ആറു വർഷത്തെ ഇളവ് അനുവദിച്ചു. ബുദ്ധമതവുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായാണ് ശിക്ഷായിളവ്.
33 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സൂ ചി (78) ഇനി 27 വർഷം ജയിലിൽ കഴിയണം. മ്യാൻമർ മിലിട്ടറി കൗൺസിൽ തലവൻ സീനിയർ ജനറൽ മിൻ ആംഗ് ഹയാംഗ് ആണ് സൂ ചി അടക്കം 7749 തടവുകാർക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചത്.
അഞ്ചു കേസുകളിലാണ് സു ചിക്ക് ശിക്ഷായിളവ് നല്കിയിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു, അനധികൃതമായി വാക്കി-ടോക്കികൾ ഇറക്കുമതി ചെയ്തു. രാജ്യദ്രോഹം തുടങ്ങിയവയാണ് സു ചിക്കെതിരേയുള്ള കേസുകൾ.
ഇനിയും നിരവധി കേസുകളിൽ വിചാരണ നടക്കാനുണ്ട്. രണ്ടര വർഷം മുന്പ് മ്യാൻമറിൽ സു ചിയുടെ ഗവൺമെന്റിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുക്കുകയായിരുന്നു. പട്ടാളഭരണകൂടം 3857 പേരെ വധിച്ചു. 25,000 പേരെ അറസ്റ്റ് ചെയ്തു.