തിരുവനന്തപുരം: സന്ദീപ് വാര്യരുടെ ഭൂമി ആർഎസ്എസിന് കൈമാറ്റം ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് കെ. മുരളീധരൻ. സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നല്കിയിട്ടുള്ളതാണ്.
അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്റെ കുടുംബത്തിന്റെ മുന്‍ പ്രഖ്യാപനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സന്ദീപിനെ ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തിയത്.
സന്ദീപ് വാര്യര്‍ക്കെതിരേ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇന്നലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷപാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലായിരുന്നു പരസ്യം. ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്ന് കെ. മുരളീധരന് പറഞ്ഞു. ഇടതിന്റെ ശൈലിക്ക് തന്നെ എതിരാണിത്.
എൽഡിഫിലെ മറ്റു കക്ഷികൾ ഇതിൽ നിലപാട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശുഭപ്രതീക്ഷയാണുള്ളത്.ഇലക്ഷൻ കഴിഞ്ഞാലും കേരളത്തിൽ മതസൗഹാർദം വേണം.
അതിന്റെ കടക്കൽ കത്തിവെക്കുന്ന പ്രസ്താവനയാണ് ഇടതുപക്ഷമുന്നണി രണ്ട് പ്രമുഖ പത്രങ്ങളിലും നൽകിയ വാർത്ത. പത്രങ്ങളിൽ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാൻ പോകുന്നില്ല.എൽഡിഎഫിന്റെ പത്രപ്പരസ്യം ഒരു തരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ല.
ഇടതുപക്ഷം ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു ഇന്നലെ നടന്നത്. സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇത്രയും മോശമായ ഒരു സമീപനം ശരിയല്ല – മുരളീധരൻ പറഞ്ഞു.