കോട്ടപ്പള്ളി പ്രഭാകരന് ഇത്തവണ നിരാശനാകേണ്ടിവന്നില്ല, എതിരാളികളോട് തോളോടു തോള് ചേര്‍ന്നുനിന്നു പോരാടാനും വെടിയുണ്ടകള്‍ക്ക് വിരിമാറി കാട്ടിക്കൊടുക്കാനും പ്രതിശ്രുത വധു തയാറാണ്.
മലയാളികളെ മൂന്നു പതിറ്റാണ്ടിലേറെയായി കുടുകുടെച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘സന്ദേശം’ സിനിമയിലെ പെണ്ണുകാണലിന് ഒരു ന്യൂജന്‍ വേര്‍ഷന്‍ വരികയാണ് പ്രശസ്ത ഓണ്‍ലൈന്‍ മള്‍ട്ടിപ്ലയര്‍ ഗെയിം ആയ ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയുടെ (ബിജിഎംഐ) മലയാളത്തിലെ ആദ്യ പരസ്യചിത്രത്തിലൂടെ.
ഗെയിമിന്റെ ഫീച്ചേഴ്സുമായി ബന്ധപ്പെടുത്തി രസകരമായി അവതരിപ്പിക്കുന്ന പരസ്യചിത്രം സംവിധാനം ചെയ്തത് സന്ദേശത്തിന്റെ സംവിധായകന് സത്യന് അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണെങ്കില്‍ കോട്ടപ്പള്ളി 2.0 ആയി സ്ക്രീനിലെത്തുന്നത് സാക്ഷാല്‍ കോട്ടപ്പള്ളിയായി വേഷമിട്ട ശ്രീനിവാസന്റെ മകന് ധ്യാന്‍ ആണ് എന്നതും പരസ്യചിത്രത്തിന് കൗതുകം വര്‍ധിപ്പിക്കുന്നു.
സിനിമയില്‍ ഉപയോഗിച്ച അതേതരത്തിലുള്ള വസ്ത്രാലങ്കാരവും ലൊക്കേഷന്‍ സെറ്റിംഗുകളുമാണ് പരസ്യത്തിലും ഉപയോഗിച്ചിട്ടുള്ളത്. ഷോക്കേസിലെ ശില്പങ്ങള് ഉള്‍പ്പെടെ സകലതും സ്ഥാനം മാറാതെ അവിടെത്തന്നെയുണ്ട്.
സംഭാഷണങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പകരം ഗെയിമിംഗിലെ ഘടകങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നതെന്നുമാത്രം.
ക്രാഫ്റ്റണ്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബിജിഎംഐയ്ക്ക് വേണ്ടി പരസ്യചിത്രം അണിയിച്ചൊരുക്കിയത് പ്രശസ്ത പരസ്യ ഏജന്‍സിയായ മൈത്രി അഡ്വര്‍ടൈസിങ് ആണ്.
ഇന്ത്യന്‍ പരസ്യരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാന്‍ഡ് പ്രിക്സ് പുരസ്കാരം നേടിയ ഏക സ്വതന്ത്ര പരസ്യ ഏജന്‍സി കൂടിയാണ് മൈത്രി.