സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് നിറയുന്നു.
ലൈസന്‍സ് പോലുമില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിപണിയില്‍ വില്പ്പനയ്ക്കെത്തിച്ചാണ് ഈ രംഗത്തെ മാഫിയ പിടിമുറക്കുന്നത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവ് നല്‍കിയാണ് വ്യാജന്മാര് വിപണി കീഴടക്കുന്നത്.
വ്യാജന്മാർ വിലസുന്നു
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, എടിഎം കൗണ്ടറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് വിപണിയില്‍ വിലക്കുറവ് ഓഫറുമായി വ്യാജന്മാര് വിലസുന്നത്.
ആല്‍ക്കഹോള്‍ അംശം പേരിന് പോലുമില്ലാത്ത സാനിറ്റൈസര്‍ വരെ വിപണിയിലുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബ്രേക്ക് ദി ചെയിന്‍ സംവിധാനത്തെവരെ തകര്ക്കുംവിധത്തിലാണ് വ്യാജന്മാര് വിപണിയില്‍ വിലസുന്നത്.
പലരും സാനിറ്റൈസര്‍ കൈകളിലാക്കുന്നുണ്ടെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് പൊതു ഇടങ്ങളില്‍ പെരുമാറുന്നത്. എന്നാല്‍ ഗുണമേന്മയില്ലാത്ത സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ വൈറസിനെ തടയാനാവില്ല.
രോഗബാധിതനായി മാറാനും ഇതുവഴി പലരിലേക്കും രോഗം വ്യാപിക്കാനും സാധ്യതയേറെയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ച് ലിറ്ററിന് മൊത്ത വിപണിയില്‍ 400 രൂപ മുതല്‍ 800 രൂപവരെയാണ് സാനിറ്റൈസറിന് ശരാശരി ഈടാക്കുന്നത്.
സ്ക്വാഡുകൾ രംഗത്ത്
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശക്തമായ പരിശോധന നടത്താന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. നാളെ മുതല്‍ പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞുകൊണ്ടുള്ള പരിശോധനയാണ് നടത്തുക.
ഗുണമേന്മയില്ലാത്ത സാനിറ്റൈസര്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡ്രഗ് കണ്ട്രോള് വിഭാഗം അറിയിച്ചു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് മാത്രം കോഴിക്കോട് സോണിന് കീഴില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കോവിഡിന്റെ മറവില്‍ നഗരത്തിലെ കടമുറിക്കുള്ളില്വച്ച് നിര്‍മിച്ച ഒന്നരലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറും കോഴിക്കോട് ഡ്രഗ്സ് കണ്ട്രോള് വിഭാഗം പിടികൂടിയിരുന്നു. സാനിറ്റൈസര്‍ ക്ഷാമത്തെ തുടര്‍ന്ന് അന്ന് മൂന്നിരട്ടിവിലയ്ക്കാണ് വ്യാജ സാനിറ്റൈസര്‍ വിപണിയിലെത്തിച്ചിരുന്നത്.
കുപ്പിയൊന്നു പരിശോധിക്കണം
375മില്ലിക്ക് 399 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഒരു കുപ്പി ഇരുന്നൂറ് രൂപയ്ക്ക് കടകളിലെത്തിച്ച് നല്‍കും. യഥാര്‍ഥത്തില്‍ ആകെ നിര്‍മാണ ചിലവ് 47 രൂപമാത്രമായിരുന്നു. ഈ വര്‍ഷമാദ്യം കൊച്ചിയില്‍ അഞ്ചു ലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസറായിരുന്നു പിടിച്ചെടുത്തത്.
അതേസമയം സാനിറ്റൈസര്‍ വാങ്ങുംമുന്‍പ് കുപ്പി പരിശോധിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അറുപത് ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്ഡ്സാനിറ്റൈസറാണ് ഉപയോഗിക്കേണ്ടതെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്.