കൊച്ചി: പട്ടികജാതിക്കാരനാണെന്നതിനാല് നര്‍ത്തകി സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന് ഹൈക്കോടതിയില്‍.
സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രാമകൃഷ്ണന് സമര്‍പ്പിച്ച എതിര് സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
2018ല്‍ കലാമണ്ഡലത്തിലെ പരിപാടിക്ക് പ്രവേശനം നിഷേധിച്ചതിനെതിരേ പട്ടികജാതി കമ്മീഷനു നല്കിയ പരാതിയുടെ പകര്‍പ്പും സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.
യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സത്യഭാമ നല്കിയ ഹര്‍ജിയിലാണ് രാമകൃഷ്ണന് എതിര് സത്യവാങ് മൂലം നല്‍കിയത്.