ഇനി സുരക്ഷിത യാത്രയായാലോ… അല്പം വൈകിയാലും സവാരി ആപ്പിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍.
സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയാണ് ഇനി മലയാളികളുടെ യാത്രയെ നിയന്ത്രിക്കാന്‍ പോകുന്നത്.
സവാരി ആപ്പ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്ളേ സ്റ്റോറിൽ എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്.
ആപ്പില്ലാത്തതിനാൽ ഓൺലൈൻ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. സ്വകാര്യ ടാക്സികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പതിവായിരിക്കുന്ന സാഹചര്യത്തിലും യാത്രക്കാരില്‍ നിന്നും അമിതചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലും ഒരു പരിധി വരെ പരിഹാരമാകാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.
ഇതോടെ സമാന്തര സര്‍വീസുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ രീതിയില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി ടൂറിസം രംഗത്തും ഉണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സവാരിക്കായി തിരുവനന്തപുരത്ത് 541 വാഹനങ്ങള്‍
തിരുവനന്തപുരം നഗരസഭ പരിധിയിൽ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 22 പേർ വനിതകളാണ്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 321 ഓട്ടോകളും 228 എണ്ണം കാറുകളുമാണ്.
500 ഡ്രൈവര്‍മാര്‍ ഇതിനകം പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡി ന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.
ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ എട്ടു ശതമാനം സർക്കാരിന് നൽകണം. ഇതിൽ ആറു ശതമാനം തുക ഐടിഐ സേവനത്തിനാണ്.
കേരളസവാരിയിൽ സീസൺ അനുസരിച്ചുള്ള നിരക്ക് വർദ്ധനയുണ്ടാവില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്.
യാത്രചെയ്യണോ… ഫോണ്‍ മാത്രം മതി
പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് കേരള സവാരി എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്രകൾ ബുക്ക് ചെയ്യാം. മൊബൈല്‍ ഫോണിലെ ഗൂഗിള്‍ പ്ലേ സേ്റ്റാറില്‍ നിന്നുമാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
മൊബൈൽ ആപ്പിൽ കാണിക്കുന്ന പണം നൽകിയാൽ മതി. ഓട്ടം വിളിക്കുന്നയാൾ നിൽക്കുന്നതിന് 500 മീറ്ററിനുള്ളിലാണ് വാഹനം ഉള്ളതെങ്കിൽ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാർജ് ഉണ്ടാകില്ല.
നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങളാകുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല.
സ്മാർട്ട്ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാം. മിനിമം ചാർജ് ഓട്ടോറിക്ഷ 30 രൂപ, ടാക്സി 200
സുരക്ഷയ്ക്ക് മുൻഗണന
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാനാകൂ. ആപ്പിൽ പാനിക് ബട്ടൺ സംവിധാനമുണ്ട്.
തീർത്തും സ്വകാര്യമായി ഒരാൾക്ക് സംവിധാനം ഉപയോഗിക്കാം. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവറോ ഇക്കാര്യം മനസിലാക്കില്ല.
ബട്ടൺ അമർത്തിയാൽ പോലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ പോലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് വിവരമെത്തും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സുരക്ഷിതയാത്രയാണ് സവാരി ഉറപ്പുനല്‍കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേര് സവാരിയില്‍ കയറാനുള്ള സാധ്യതയും ഏറെയാണ്.