പത്മശ്രീ നേട്ടത്തിന്റെ സന്തോഷത്തില്‍ കുടുംബാംഗങ്ങള്‍ സമ്മാനമായി നല്കിയ പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി സവ്ജി ദൊലാക്യ.
സൂറത്തിലെ വജ്രവ്യാപാരിയായ ഇദ്ദേഹം തനിക്ക് സമ്മാനമായി നല്കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കുകയായിരുന്നു.
പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് സ്നേഹസമ്മാനമായി പുതിയ ഹെലിക്കോപ്റ്റര്‍ നല്‍കിയത്.
സൂറത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഒരു ഹെലിക്കോപ്റ്റര്‍ സംഭാവന നല്‍കുന്നതിനെ കുറിച്ച് കുറച്ചു നാളായി താന്‍ ചിന്തിക്കുകയായിരുന്നെന്ന് ദൊലാക്യ പറഞ്ഞു.
അപ്പോഴാണ് കുടുംബാംഗങ്ങളുടെ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ ഈ ഹെലിക്കോപ്റ്റര്‍ സംഭാവന നല്കാന് അദ്ദേഹം തീരുമാനക്കുകയായിരുന്നു.
കുടുംബാംഗങ്ങള്‍ സമ്മാനിച്ച ഈ സ്നേഹം തന്റെ നാട്ടുകാര്‍ക്കായി നല്കാന് തീരുമാനിക്കുകയായിരുന്നുവെന്ന് ദൊലാക്യ പറഞ്ഞു.
സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ ഹെലിക്കോപ്റ്റര്‍ ജനങ്ങള്‍ക്കായി വിട്ടുനല്‍കും.
ജലക്ഷാമം നേരിടുന്ന സൗരാഷ്ട്ര മേഖലയില്‍ ജലസംരക്ഷണത്തിനും ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തി കൂടിയാണ് ദൊലാക്യ.
തന്റെ ജില്ലയായ അമ്രേലിയില്‍ നിലവില്‍ 75 ല്‍ കൂടുതല്‍ ജലസംഭരണികളും കുളങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
മാത്രമല്ല, തന്റെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി അഞ്ഞൂറിലേറെ കാറുകളും സ്വര്‍ണാഭരണങ്ങളും ഫ്ളാറ്റുകളും നല്‍കിയും അദ്ദേഹം ഞെട്ടിച്ചിരുന്നു.
5500 ലേറെ ജീവനക്കാരുള്ള ദൊലാക്യയുടെ കമ്പനിയുടെ വാര്‍ഷിക വരുമാനം 6000 കോടി രൂപയിലേറെയാണ്.
1977 ല്‍ കേവലം 12.5 രൂപയും പോക്കറ്റിലിട്ട് സൂറത്തിലെത്തിയ ദോലക്യ ഇന്ന് രാജ്യത്തെ ഡയമണ്ട് വ്യാപാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളാണ്.