കണ്ണൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഡ്സ് സ്കൂള്‍ ബസ് ആംബുലന്‍സാക്കി എരഞ്ഞോളി പഞ്ചായത്ത്. പ്രദേശത്തെ യുവാക്കളുടെ സഹകരണത്തോടെയാണ് സ്കൂള്‍ ബസിനെ കോവിഡ് കാലത്തെ താത്കാലിക ആംബുലന്‍സാക്കി മാറ്റിയത്.
13000 രൂപ ചെലവിലാണ് എരഞ്ഞോളിയിലെ ബഡ്സ് സ്കൂളിന്റെ 17 സീറ്റുള്ള ബസിന് രൂപമാറ്റം വരുത്തിയത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു അടിയന്തര സാഹചര്യത്തില്‍ സ്കൂള്‍ ബസ് ആംബുലന്‍സ് സൗകര്യത്തിനായി വിട്ടുകൊടുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രമ്യ പറഞ്ഞു.
എരഞ്ഞോളിയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനോട് പഞ്ചായത്തധികൃതര്‍ ഇത്തരമൊരു ആശയം അറിയിച്ചപ്പോള്‍ത്തന്നെ അനുമതി ലഭിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആംബുലന്‍സ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി വിട്ടുകൊടുത്തു.