പത്തനാപുരം: ഇളമ്പല്‍ സർക്കാർ യുപി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ പിടിയിലായവരെ കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസും സ്കൂൾ അധികൃതരും.
സ്കൂളിലെ ഒരു വിദ്യാർഥിയും, സഹോദരനും, സുഹൃത്തുമടക്കം പ്രായപൂർത്തിയാകാത്ത മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ എട്ടിനാണ് വിദ്യാലയത്തിന് നേരേ ആക്രമണം ഉണ്ടായത്.
പഠനോപകരണങ്ങളും ക്ലാസ് മുറികളും അടിച്ച് നശിപ്പിച്ച സംഘം കിണറ്റിൽ മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കുകയും പെൺകുട്ടികളുടെ മൂത്രപ്പുരയിലെ ടാപ്പുകളും കൈകഴുകുന്നതിനുമായി സ്ഥാപിച്ചിരുന്ന ടാപ്പുകളും തകർത്തിരുന്നു.
കൂടാതെ സ്മാർട്ട് ക്ലാസിലെ എ സി യുടെ വയർ മുറിച്ചു മാറ്റുകയും സ്കൂള്‍ പെയിന്റിംഗിനായി സൂക്ഷിച്ചിരുന്ന പശയടങ്ങിയ ടിന്നും മറ്റ് സാധനങ്ങളും ഡെസ്കിലും ബെഞ്ചിലും തറയിലും ഒഴിച്ച് വൃത്തിഹീനമാക്കുകയും ചെയ്തിരുന്നു.
അടുത്ത കാലത്താണ് നവീകരണം നടത്തി മുഖം മിനുക്കിയ വിദ്യാലയം പുതിയ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ തുടങ്ങിയത്. ഇതിനിടെ സ്കൂളില്‍ നടന്ന അക്രമം നാട്ടുകാരിലും വേദനയുണര്ത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുവരവെയാണ് സ്കൂളിന് സമീപത്തായി താമസിക്കുന്ന കുട്ടികുറ്റവാളികൾ പോലീസിന്റെ പിടിയിലായത്.
പ്രതികളെ തിരിച്ചറിഞ്ഞതോടെ എന്തു നടപടിയെടുക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പോലീസും സ്കൂള്‍ അധികൃതരും. കാരണം തേടിയപ്പോഴാകട്ടെ വീണ്ടും ഞെട്ടല്‍.
അധ്യാപിക വഴക്ക് പറഞ്ഞതാണത്രേ സ്കൂൾ അടിച്ചു തകർക്കാൻ കാരണം. പിടിയിലായ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കി.