കണ്ണൂർ: കേരളസർവകലാശാല കലോത്സവത്തിലെ വിധികർത്താവായിരുന്ന ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്ഐയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
യുണിവേഴ്സിറ്റി കലോത്സവത്തിൽ മാർഗംകളിയിൽ എസ്എഫ്ഐ പറഞ്ഞ ആളുകൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകാൻ ഷാജി നിഷേധിച്ചതാണ് കള്ളക്കേസിന് പിന്നിൽ. ഷാജിയെക്കുറിച്ച് ഇതുവരെ യാതൊരു കുറ്റവും വന്നിട്ടില്ല. വളരെ നിഷ്പക്ഷമായി വിധി നിർണയം നടത്തുന്നയാളാണെന്നാണ് അറിയാൻ കഴിഞ്ഞത്.
ഷാജിയെ തല്ലുകയും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ അപമാനം സഹിക്ക വയ്യാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും സുധാകരൻ പറഞ്ഞു. ഇത് ഒരുകൊലപാതകമാണ്.
പോലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണം. ഇല്ലെങ്കിൽ ഇവിടെ ഒരു കലാപം പൊട്ടിപ്പുറപ്പെടും. എസ്എഫ്ഐ ഗുണ്ടകളെ ഇറക്കി നാട് കുട്ടിച്ചോറാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എസ്എഫ്ഐയുടെ കിരാത കൊലപാതകങ്ങൾ ഇങ്ങനെ നടക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി കേൾക്കുന്ന വാർത്തകൾ എല്ലാം എസ്എഫ്ഐക്കാരുടെ കൊലപാതങ്ങളെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.