തൊടുപുഴ: മനഃസാക്ഷിയെ നടുക്കിയ ഷെഫീക്ക് വധശ്രമക്കേസിൽ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി നാളെ വിധിപറയും. ഷെഫീക്കിന്റെ പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. ഇരുവരും ചേർന്ന് കുട്ടിയുടെ ഇടതുകാൽമുട്ട് ഇരുന്പ് കുഴൽകൊണ്ട് അടിച്ചൊടിച്ചതും നിലത്തുവീണ കുട്ടിയുടെ നെഞ്ചിൽ ചവിട്ടിപരിക്കേൽപ്പിച്ചതുമുൾപ്പെടെ ക്രൂരമായ പീഡനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.
രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതിനെത്തുടർന്നു തലച്ചോറിനു ക്ഷതമേറ്റിരുന്നു. സ്റ്റീൽകപ്പ് ചൂടാക്കി കൈ പൊള്ളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരന്തര പീഡനമാണ് കുട്ടിയുടെ ഇന്നത്തെ ശാരീരിക മാനസിക വൈകല്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസിൽ കുട്ടിയുടെ ബന്ധുക്കൾ, അയൽക്കാർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും ഇതു സാധൂകരിക്കുന്നതാണെന്നും കോടതിയെ ബോധിപ്പിച്ചു.തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാരശേഷിയെയും ചലനശേഷിയെയും സാരമായി ബാധിച്ചിരുന്നു.
ഇതേത്തുടർന്നു ഷെഫീക്ക് കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാഗിണി എന്ന ആയയുടെ സംരക്ഷണയിൽകഴിഞ്ഞുവരികയാണ്.പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് കേസിൽ വാദം കേട്ട ജഡ്ജി ആഷ് കെ. ബാൽ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
അതേസമയം, 2013 ജൂലൈ അഞ്ചിന് പ്രതികൾ കുട്ടിയെ കുമളി പിഎച്ച്സിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും പ്രാഥമിക ചികിത്സ നൽകി പറഞ്ഞയയ്ക്കുകയായിരുന്നു. ഇവിടെ വിദഗ്ധ ചികിത്സ നൽകാതിരുന്നതിനാലാണ് കുട്ടിയുടെ ഇന്നത്തെ ശാരീരിക അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷും പ്രതികൾക്കുവേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൽ, സാന്ത്വന സനൽ എന്നിവരുമാണ് ഹാജരാകുന്നത്.