കോഴിക്കോട്: വടകരയിലെ ആദ്യത്തെ വിഷു സ്നേഹത്തിന്റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വിഷു എന്ന് കേൾക്കുന്പോൾ ആദ്യം ഓർമയിലെത്തുന്നത് കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ്. കോളജ് കാലത്ത് അവധി ദിവസങ്ങൾ യാത്രകൾക്കായി മാറ്റിവച്ചിരുന്നു. വിഷു കൈനീട്ടം കിട്ടിത്തുടങ്ങിയത് പാലക്കാട് എത്തിയതുമുതലാണെന്ന് ഷാഫി പറഞ്ഞു.
വടകരയിലെ ആദ്യത്തെ വിഷുവാണ് ഇത്. അതിനാൽ തന്നെ സ്നേഹത്തിന്റെ വിഷുവായി ഈ ദിവസം മാറും. വിഷു ദിനത്തിൽ കുറച്ച് സ്ഥലങ്ങളിൽ പോകും. ആളുകളെ കാണും. ഭക്ഷണവും കൈനീട്ടവും വടകരയിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് ഷാഫി കൂട്ടിച്ചേർത്തു.
അതേസമയം, വടകരയിൽ രാഷ്ട്രീയപ്പോര് കനക്കുകയാണ്. വടകരയിൽ 10 പേരാണ് ആകെ മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും സിപിഎം സ്ഥാനാർഥി കെ. കെ. ശൈലജയും തമ്മിലാണ് ശക്തമായ പോരാട്ടം. ആകെ നാല് ശൈലജ, മൂന്ന് ഷാഫി എന്നിവരുൾപ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. കെ. കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ. കെ, ശൈലജ .പി (എല്ലാവരും സ്വതന്ത്രർ).-എന്നിങ്ങനെയാണ് വടകരയിലെ സ്ഥാനാർഥികൾ.