മുക്കം: ഗോഡ്സെയെ അനുകൂലിച്ച് ഫേസ് ബുക്കിലിട്ട പോസ്റ്റിന് അനുകൂലമായി കമന്റിട്ടഎൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെതിരേ നടപടിയാരംഭിച്ച് പോലീസ്. അധ്യാപികയെ നാളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കാമ്പസ് ഇന്നലെ മുതല്‍ തുറന്നെങ്കിലും പ്രതിഷേധം ഭയന്ന അധ്യാപിക എത്തിയിരുന്നില്ല. അധ്യാപികയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയാണ് കമന്റിട്ടത് എന്നുറപ്പിക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
മൊഴി രേഖപ്പെടുത്താൻ അധ്യാപികയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് എൻഐടി രജിസ്ട്രാർക്ക് നോട്ടീസ് നൽകിയ ശേഷമാണ് പോലീസ് മടങ്ങിയത്.
ഷൈജ ആണ്ടവനെ ഉടനെ അറസ്റ്റ് ചെയ്യില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. എൻഐടിയിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി കുറ്റക്കാർക്കെതിരേ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന് മാത്രമാണ് എൻഐടി അധികൃതർ നൽകുന്ന വിശദീകരണം.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ എന്ന കുറിപ്പോടെ ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്.
ഗോഡ്സെ, ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട് എന്നായിരുന്നു കമന്റ്. സംഭവം വിവാദമായതോടെ ഇവർ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.