കോട്ടയം: വാർത്തയിലും വിവാദത്തിലും ഇടംപിടിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി ഷവർമ വാങ്ങാൻ ആളില്ലാത്ത അവസ്ഥ.
ഒരിടവേളയ്ക്കുശേഷമാണ് ഷവർമയോട് ജനങ്ങൾ മുഖം തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്പു വരെ വൈകുന്നേരങ്ങളിൽ ഷവർമ കടകളിലുണ്ടായിരുന്ന വൻതിരക്ക് കാണാനില്ല.
ഓണ്ലൈനിലുടെയുള്ള ഷവർമ കച്ചവടവും കുത്തനെ കുറഞ്ഞു.ബേക്കറികളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരങ്ങളിൽ പതിവായി ഷവർമ്മ കഴിക്കാനുള്ള തിരക്കും അപ്രത്യക്ഷമായ കാഴ്ചയാണ്.
ചില ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉച്ചകഴിയുന്നതോടെ ഷവർമ തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
രാവിലെ തയാറാക്കി വയ്ക്കുന്ന മയോണൈസ് വൈകുന്നേരമാകുന്നതോടെ പഴകാനുള്ള സാധ്യതയേറെയാണ്. ചില സ്ഥലങ്ങളിൽ ഇറച്ചി കൃത്യമായി വേവിക്കാതെ നൽകുന്നതും പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.
ആവശ്യക്കാർ കൂടുതനുസരിച്ചു ചില കടകളിൽ പാകമാവാത്ത ഷവർമ നൽകുന്നതായി മിക്കപ്പോഴും പരാതിയുയരാറുണ്ട്.
കാസർഗോട്ട് ഷവർമ കഴിച്ച വിദ്യാർഥി നി മരിച്ചതോടെയാണ് വിവിധ സ്ഥലങ്ങളിൽ ഷവർമയുണ്ടാക്കിയ പൊല്ലാപ്പുകൾ പുറത്തെത്തിയത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യവിഷ ബാധയേറ്റ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെ ജില്ലയിലെ ഷവർമ പ്രേമികളും ആശങ്കയിലാണ്.
മെഡിക്കൽ കോളജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാർഥിനി യും തിരുവനനന്തപുരം സ്വദേശിനിയുമായ ഇരുപതുകാരിയാണു ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ജംഗ്ഷനിലുള്ള ഹോട്ടലിൽ നിന്നാണു വിദ്യാർഥിനി ഷവർമ കഴിച്ചത്.ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ ശാരീരിക അസ്വസ്തയുണ്ടാകുയും ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തു.
തുടർന്നു മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർഥിനിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടു.
ഷവർമ വില്പന നിർത്തി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി ഗയിറ്റിന് എതിർവശം സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ഷവർമ്മ വില്പന നിർത്തി.
കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർഥിനിക്കാണ് ഭക്ഷ്യവിഷ ബാധയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടേണ്ടിവന്നത്.
മെഡിക്കൽ കോളജ് വിദ്യാർഥിനിക്കു ഭക്ഷ്യ വിഷ ബാധയേറ്റ് ചികിത്സ തേടിയ വിവരം രാഷ്്ട്ര ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്താലാണ് ഷവർമ്മ വിൽപന നിർത്തിവച്ചതെന്നു പറയുന്നു.