കൊച്ചി: 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന എക്സൈസ് വകുപ്പും ഇന്ന് നിലപാട് അറിയിക്കും.
ഷീല സണ്ണി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത് ഗൗരവതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. എന്നിട്ടും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നുവെന്നുമാണ് ഷീല സണ്ണിയുടെ വാദം.
വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ നിയമ വിരുദ്ധമായി കേസില്‍ പ്രതി ചേര്‍ത്തു. യഥാര്‍ഥ സംഭവവും എക്സൈസ് മഹസറും തമ്മില്‍ ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതില്‍ ഉള്‍പ്പടെ പിഴവുണ്ടെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് ഷീല സണ്ണിയുടെ ഹര്‍ജിയിലെ ആവശ്യം.
കഴിഞ്ഞവർഷം ഫെബ്രുവരി 27നായിരുന്നു ഷീല സണ്ണിയുടെ ചാലക്കുടി ബ്യൂട്ടിപാർലറിൽ എക്സൈസ് സംഘമെത്തി ഷീലയെ എൽഎസ്ഡി സ്റ്റാന്പുകൾ കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വസ്തു എല്‍എസ്ഡി അല്ലെന്ന് കാക്കനാട്ടെ കെമിക്കല്‍ ലാബില്‍ നിന്ന് പരിശോധനാ ഫലം പുറത്തുവന്നെങ്കിലും ഷീല 72 ദിവസം ജയില്‍ വാസം അനുഭവിച്ചു കഴിഞ്ഞിരുന്നു.