തൃശൂർ: ഷിരൂർ ഗംഗാവാലിയിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിന് തൃശൂരിലെ കാർഷിക സർവകലാശാലയിൽനിന്നുള്ള ഡ്രഡ്ജർ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനായി സർവകലാശാലയിൽനിന്നുള്ള സംഘം ഷിരൂരിലേക്ക് പുറപ്പെട്ടു. കാർഷിക സർവകലാശാലയിലെ രണ്ട് അസിസ്റ്റന്റ്് ഡയറക്ടർമാരും ഡ്രഡ്ജിംഗ് മെഷിന്റെ ഒരു ഓപ്പറേറ്ററുമാണ് ഷിരൂരിലേക്ക് തിരിച്ചിരിക്കുന്നത്.
നല്ല ഒഴുക്കുള്ള ഗംഗാവാലിയിൽ ഈ മെഷിൻ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഇവർ പരിശോധിക്കുക. ഇന്നലെ രാത്രിയാണ് ഡ്രഡ്ജർ ഗംഗാവാലിയിലേക്ക് കൊണ്ടുപോകാൻ ധാരണയായത്. കേരളത്തിൽ കാർഷിമേഖലയ്ക്കു വേണ്ടി ഉപയോഗിക്കുന്നതാണ് കോഴിക്കോട് പേരാന്പ്രയിലെ മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച ഈ ഡ്രഡ്ജർ. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്.
പുഴയിൽനിന്ന് ചണ്ടിയും ചളിയും നീക്കം ചെയ്യാനാണ് ഇത് സാധാരണ ഉപയോഗിക്കാറുള്ളത്. അടിയൊഴുക്കുള്ള ഗംഗാവാലിയിൽ ഈ യന്ത്രം എത്രമാത്രം ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ പരക്കെ സംശയമുണ്ട്. ഇക്കാര്യം പരിശോധിച്ച് യന്ത്രം ഉപയോഗിക്കാൻ സാധിക്കുമെന്ന് കാർഷിക സർവകലാശാലയിലെ വിദഗ്ധർ സ്ഥിരീകരിച്ചാലുടൻ തൃശൂരിൽനിന്ന് ഡ്രഡ്ജർ ഷിരൂരിലേക്ക് കൊണ്ടുപോകും.
കുളത്തിലോ പുഴയിലോ ഉള്ളതിനേക്കാൾ ഒഴുക്ക് ഗംഗാവാലിയിലുള്ളതുകൊണ്ടാണ് പ്രവർത്തിപ്പിക്കാൻ പറ്റുമോ എന്ന് സംശയിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളിയും മറ്റും നീക്കാൻ കെൽപ്പുള്ളതാണെങ്കിലും ഒഴുക്ക് നാല് നോട്സ് കൂടിയാൽ ഡ്രഡ്ജർ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പ്രയാസമാണെന്നാണ് ഡ്രഡ്ജർ നിർമിച്ച കന്പനിക്കാർ പറയുന്നത്.
ആറു മീറ്റർ ആഴത്തിൽ വരെ (ഇരുപത്തിയഞ്ച് അടിവരെ ആഴത്തിൽ) ഇരുന്പുതൂണു താഴ്ത്തി ചണ്ടിയും ചളിയും നീക്കാൻ കഴിയും വിധമാണ് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷിൻ എന്ന ഈ യന്ത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ യന്ത്രം എൽത്തുരുത്ത് കനാലിലാണ് ഉള്ളത്.
കനാലിലെ ചളി നീക്കുന്ന പ്രവർത്തനത്തിലാണ് ഈ യന്ത്രം ഇപ്പോഴുള്ളത്. വെള്ളത്തിനു മുകളിൽ ഒഴുകി നടക്കുന്ന ബോട്ട് നിർമിച്ച് അതിൽ ജെസിബി സ്ഥാപിച്ചാണ് ഈ ഡ്രഡ്ജിംഗ് മെഷിൻ ഒരുക്കിയിരിക്കുന്നത്.