മംഗലംഡാം: കാട്ടാറുകളുടെ സംഗമഭൂമികയായ കടപ്പാറക്കടുത്തെ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി ബിഗ് ബജറ്റ് സിനിമയായ പത്തൊന്പതാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
സംവിധായകൻ വിനയന്റെ ഡ്രീം പ്രൊജക്ട് എന്ന് വിശേഷിപ്പിക്കുന്ന പത്തൊന്പതാം നൂറ്റാണ്ട് എന്ന സിനിമ വലിയൊരു താര പടയോടെയാണ് തുടക്കം കുറിച്ചിട്ടുള്ളത്.
പാട്ട് ഉൾപ്പെടെ കുറച്ച് രംഗങ്ങളാണ് ആലിങ്കൽ വെള്ളച്ചാട്ടത്തിനു താഴെ ചിത്രീകരണം നടത്തുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.
പാലക്കാടും ആലപ്പുഴയിലും തിരുവനന്തപുരത്തും ലൊക്കേഷനുണ്ട്. ആറാട്ടുപ്പുഴ വേലായുധ പണിക്കരുടെ കഥ പറയുന്നതാണ് സിനിമ.
അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും നടത്തി പ്രസിദ്ധനായ നവോത്ഥാന നായകനാണ് വേലായുധപണിക്കർ.
തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമര നായിക നങ്ങേലിയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ സിജു വിൽസനാണ് പ്രധാന വേഷത്തിലെത്തുന്നത്.
ചെന്പൻ ബിജുവാണ് കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്. പുതുമുഖനടി കയാദുവാണ് നങ്ങേലി. അനൂപ് മേനോൻ ,സുരേഷ് കൃഷ്ണ, സുധീർ കരമന, അലൻസിയർ, സ്ഫടികം ജോർജ് തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട് ചിത്രത്തിൽ.
ഗോകുലം ഗോപാലനാണ് പ്രൊഡ്യൂസർ.അധികമാരും അറിയാതിരുന്ന ആലിങ്കൽ വെള്ളച്ചാട്ടം സിനിമ ലൊക്കേഷനായതോടെ ഇനി പ്രസിദ്ധമാകും.
വനത്തിനുളളിലുള്ള തളിക കല്ല് ആദിവാസി കോളനി വഴിയിലെ കാട്ടാറുകളും കാട്ടുചോലകളും കയങ്ങളുമെല്ലാം സിനിമയിൽ മിന്നി മറയുന്പോൾ കടപ്പാറയും പരിസര പ്രദേശങ്ങളും കൂടുതൽ അറിയപ്പെടുന്ന മലയോരമായി മാറും.
ആദ്യമായാണ് മുൻനിര സംവിധായകരുടെ സിനിമ ലൊക്കേഷനായി ആലിങ്കൽ വെള്ളച്ചാട്ടം മാറുന്നതെന്ന് ജലപാതത്തിന് മുകളിലെ താമസക്കാരനായ കൊട്ടാരത്തിൽ ജെയിംസ് പറഞ്ഞു. സിനിമ പ്രവർത്തകരെ കൊണ്ട് പ്രദേശം മുഴുവൻ നിറഞ്ഞിരിക്കുകയാണ്.
വാഹനങ്ങളും ഷൂട്ടിംഗ് സാമഗ്രികളുമായി ബിഗ് ബജറ്റ് സിനിമയുടെ എല്ലാ മുന്നൊരുക്കങ്ങളുമുണ്ട്. സിനിമ ചിത്രീകരണം കാണാനും നിരവധി ആളുകളെത്തുന്നുണ്ട്.