കൊച്ചി: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2016ൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍വച്ച് പീഡിപിച്ചെന്ന യുവനടിയുടെ പരാതിയിലാണ് നടപടി. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടെ കേസിൽ അറസ്റ്റിന് സാധ്യതയുണ്ട്.
2019 മുതൽ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനഃപൂര്‍വം തന്നെ അപമാനിക്കാൻ വേണ്ടിയാണ് യുവതി ആരോപിക്കുന്നതെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടൽ മുറി, പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തിരുന്നു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.