കൊച്ചി: വാഹനത്തിന്റെ സൈഡ് മിററുകൾ ഊരി മാറ്റിവയ്ക്കാനുള്ളതല്ലെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരി മാറ്റുന്ന പ്രവണത ചെറുപ്പക്കാരിലുണ്ട്.
ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് കേരള പോലീസ് സോഷ്യൽ മീഡിയ പേജിലൂടെ നൽകുന്നത്. സൈഡ് മിററുകൾ ഇരുചക്ര വാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ്.
ഡ്രൈവിംഗിനിടയിൽ തല തിരിച്ച് നോക്കുന്നത് അപകടങ്ങളിൽ കലാശിക്കാനും ടൂവീലറിന്റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാക്കും.
വാഹനങ്ങൾ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്പോൾ ശ്രദ്ധമാറുന്നത് അപകടങ്ങൾക്ക് കാരണമാകും. സൈഡ് മിററുകളുടെ സഹായത്തോടെ ഇക്കാര്യം അനായാസമായി ചെയ്യാനും കൂടുതൽ സ്ഥിരതയോടെ യാത്ര ചെയ്യാനും കഴിയും.
യൂടേണ്‍ തിരിയുന്പോഴും ഒരു ട്രാക്കിൽനിന്നും മറ്റൊരു ട്രാക്കിലേക്കോ ഇടറോഡുകളിലേക്കോ കയറുന്പോഴും ഓവർ ടേക്ക് ചെയ്യുന്പോഴുമൊക്കെ റിയർ വ്യൂ മിററുകൾ നിരീക്ഷിക്കേണ്ടതാണ്.
മീററുകളുടെ സഹായത്തോടെ പിന്നിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാനും അതു മനസിലാക്കി ശരിയായ തീരുമാനം കൈക്കൊള്ളാനും ഇതിലൂടെ കഴിയും. സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ സൈഡ് മിറർ അത്യാവശ്യമാണെന്നാണ് മുന്നറിയിപ്പിലൂടെ പറയുന്നത്.