നിപ്പാ വൈറസ് വ്യാപന സമയത്ത് കേരളത്തെ കണ്ണീരിലാഴ്ത്തി കടന്നു പോയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും കുട്ടികളും പുതിയ കുടുംബജീവിതത്തിലേക്ക്.
മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി ലിനിയെ നിപ്പ വൈറസ് കൊണ്ടുപോയപ്പോള്‍ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു.
പിന്നീട് ഫേസ്ബുക്ക് കുറിപ്പുകളിലൂടെ മലയാളികള്‍ ലിനിയെ ഓര്‍ത്തു. ഇപ്പോഴിതാ ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ ലഭിക്കാന്‍ പോവുകയാണ്.
ഫേസ്ബുക്ക് കുറിപ്പിലൂടെ ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം’- സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കൊയിലാണ്ടി സ്വദേശിനി പ്രതിഭയാണ് വധു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരിക്കുമ്പോഴാണ് നിപ്പയുടെ രൂപത്തില്‍ മരണം ലിനിയെ കവര്‍ന്നെടുത്തത്.
നിപ്പ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂഷിച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയില്‍ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പര്‍ശിയായിരുന്നു.
‘സജീഷേട്ടാ, ഞാന്‍ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ’- എന്നായിരുന്നു ലിനി കുറിച്ചത്.
ലിനി മരിക്കുമ്പോള്‍ ഗള്‍ഫിലായിരുന്ന സജീഷ് ഉടന്‍തന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തു.
ആതുരസേവനത്തിന്റെ ഉദാത്തമാതൃകയായാണ് മലയാളികള്‍ സിസ്റ്റര്‍ ലിനിയെ കണ്ടുപോരുന്നത്.
റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് സജീഷ്-ലിനി ദമ്പതികളുടെ മക്കള്‍.
ലിനി വിടപറഞ്ഞിട്ട് നാലുവര്‍ഷം പിന്നിട്ടു. മക്കളുടെ കാര്യം നോക്കാന്‍ ഒരാള്‍ വേണമെന്ന ബോധ്യത്തെത്തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സജീഷുമായി അടുപ്പമുള്ളവര്‍ പറയുന്നു.
ലോകനാര് കാവില്‍ വെച്ച് ഈമാസം 29നാണ് വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കള്‍ക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കും.
സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ഇങ്ങനെ…പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്.
റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്.
ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ