അന്പലപ്പുഴ: കുടിൽ കെട്ടാൻ ഒരു സെന്റ് ഭൂമിക്കായി ശിവനേശന്റെ ഓട്ടത്തിന് വർഷങ്ങളുടെ പഴക്കം. പുന്നപ്ര തെക്ക് ചള്ളി ആലിശേരി പുരയിടത്തിൽ ശിവനേശന്റെ കുടുബമാണ് വാടക വീട്ടിൽ ദുരിതജീവിതം നയിക്കുന്നത്. മൽസ്യത്തൊഴിലാളിയായ ശിവനേശന്റെ ഭാര്യ അജമോൾ ഉൗമയും ബധിരയുമാണ്.
12 വയസുകാരനായ മകൻ അന്പാടി മെന്റൽ റിട്രാക്ഷൻ എന്ന രോഗത്തിനു ചികിത്സയിലാണ്. മകൾ പ്രിയ പത്താം ക്ലാസിൽ പഠിക്കുന്നു. മകന്റെ ചികിത്സയ്ക്കു പലരോടു കൈ നീട്ടി ലക്ഷങ്ങൾ ചെലവഴിച്ചു. വർഷങ്ങളായി വാടക വീട്ടിലാണ് ഈ കുടുബം കഴിയുന്നത്. ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതുമൂലം കുട്ടികളുടെ ഓണ്‍ലൈൻ ക്ലാസും മുടങ്ങി.
ലൈഫ് പദ്ധതി പ്രകാരം സ്ഥലം വാങ്ങാൻ പുന്നപ്ര തെക്ക് പഞ്ചായത്തിൽ നിന്നു രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ മൂന്നു സെന്റ് സ്ഥലം കിട്ടാത്തതു കാരണം ഇതും മുടങ്ങുന്ന അവസ്ഥയാണ്. കടപ്പുറം വറുതിയായതിനാൽ കുടുബത്തെ പട്ടിണിയും കാർന്നുതിന്നാൻ തുടങ്ങി.
മകന്റെയും ഭാര്യയുടെയും മരുന്നിനു പോലും നിവൃത്തിയില്ലാതെ അലയുകയാണ്. ആരെങ്കിലും കനിയും എന്ന പ്രതീക്ഷയാണ് ഇപ്പോഴും ബാക്കി.