ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതോടെ അന്വേഷണം ശക്തമാക്കിയ എന്‍ഫോഴ്സമെന്റ് ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ നോട്ടം കേരളത്തിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു.
മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെയാണ് ഇവരിലേക്ക് അന്വേഷണം നീളുമെന്നറിയുന്നത്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥരും വിരമിച്ചവരും ഉള്‍പ്പെടും.
ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളില്‍ ഇടപെട്ട ഉദ്യോഗസ്ഥരായ ഏതാനും പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ നോട്ടമിട്ടിരിക്കുന്നത്.
അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വാധീനത്തിലോ മറ്റു രാഷ്ട്രീയ സ്വാധീനത്തിലോ ഇടപെട്ട ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് പ്രത്യക്ഷത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും സിബിഐ ഉള്‍പ്പെടെയുള്ളവരും വരുംദിവസങ്ങളിൽ രംഗത്ത് വന്നേക്കാം.
ലൈഫ് മിഷനില്‍ സിബിഐ പ്രത്യക്ഷത്തില്‍ ഇടപെട്ടുകഴിഞ്ഞുവെങ്കിലും കോടതിതിയുടെ വിലക്ക് അന്വേഷണത്തിന്റെ വേഗത കുറച്ചിട്ടുണ്ട്. എം. ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കെ ഫോണ്‍, സ്മാര്‍ട്ട് സിറ്റി, ഡൗണ്ടൗണ്, ഇ മൊബിലിറ്റി എന്നി പദ്ധതികളുടെ വിശദാംശങ്ങളാണ് തേടിയത്. സര്‍ക്കാരിന്റെ ഈ സ്വപ്ന പദ്ധതികളില്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് മുന്നില്‍ നില്‍ക്കുന്നത്.
ഇതേ സമയം ബിനീഷിന്റെ പല സ്ഥാപനങ്ങളും ഇടപാടുകള്‍ക്കും സര്‍ക്കാര്‍തലത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലേക്കും എന്‍ഫോഴ്സ്മെന്റ് കടന്നിട്ടുണ്ട്.