കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യുന്നു.
56 ചോദ്യങ്ങളുള്ള ചോദ്യാവലി എന്‍ഐഎ തയാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിന് ശിവശങ്കർ നൽകുന്ന ഉത്തരങ്ങളാകും അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തും.
ശിവശങ്കറിനെ ചോദ്യം ചെയ്തു വിട്ടയയ്ക്കുമോ, അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇന്ന് രാവിലെ 10 ഓടെയാണ് എന്‍ഐഎയുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്ലബില്‍ അഞ്ച് മണിക്കൂറോളം ശിവശങ്കറെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ തൃപ്തി വരാത്ത എന്‍ഐഎ ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.
പുലര്‍ച്ചെ നാലോടെയാണ് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ ഒമ്പതോടെ എറണാകുളം ജില്ലാ അതിര്‍ത്തി കടന്ന അദ്ദേഹത്തിന് കുമ്പളം മുതല്‍ പോലീസ് അകമ്പടിയോടെയാണ് എന്‍ഐഎ ഓഫീസിലേക്കെത്തിച്ചത്. 9.30 ഓടെ കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
എന്‍ഐഎ കൊച്ചി ഓഫീസിലെ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തോടൊപ്പം ഡല്‍ഹി, ഹൈദരാബാദ് യൂണിറ്റുകളില്‍ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനുണ്ടാകും. ഇതിനായി എന്‍ഐഎ പ്രത്യേക സംഘം ഇന്നലെയോടെ തന്നെ കൊച്ചിയിലെത്തിയിരുന്നു.
സ്വര്ണക്കടത്തതിന് ശിവശങ്കറിന് പങ്കുണ്ടോ, കേസിലെ പ്രതികളുമായുള്ള ബന്ധം, ഫ്ളാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ക്ക് ചെയ്തുകൊടുത്ത സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ എന്‍ഐഎ പ്രധാനമായും ചോദിച്ചറിയുക.
എന്‍ഐഎയ്ക്കും കസ്റ്റംസിനും ശിവശങ്കര്‍ നല്കിയ മൊഴികള്‍ തമ്മില്‍ വൈരുധ്യങ്ങളുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും. ചില ഫോണ്‍കോളുകളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാണ് ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ പിടിയിലായവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി നിലവില്‍ പിടിയിലായ പ്രതികള്‍ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചോദ്യം ചെയ്തത്.
കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുള്ള പ്രധാന പ്രതികളായ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ ശിവശങ്കർ മൊഴിനല്‍കിയിട്ടുള്ളത്. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്.
ഇവരുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ ബിസിനസിനെക്കുറിച്ചോ മറ്റ് ഇടപാടുകളെ ക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചനകള്‍.