ആലപ്പുഴ: ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിൽ ഇന്ന് സിപിഎം ഹർത്താൽ.
എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് ( 36) ആണ് കൊല്ലപ്പെട്ടത്. സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയാണ് സിയാദ്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് കായംകുളം ഫയർ സ്റ്റേഷന് സമീപം സിയാദിനെ ആക്രമികൾ വെട്ടിക്കൊന്നത്. കുത്തേറ്റ് വീണ ഇയാളെ ഉടൻ തന്നെ കായംകുളം താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.