ഹീലോങ്ജിയാങ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴിമാടം കണ്ടെത്തിയ ഗവേഷകർ അവിടെനിന്നു ലഭിച്ച അസ്ഥികൂടങ്ങൾ കണ്ട് ഞെട്ടി. 43 പേരെ കൂട്ടത്തോടെ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങളാണ് അവിടെനിന്നു ലഭിച്ചത്.
അതിൽ ഒരു തലയോട്ടി പോലുമില്ലായിരുന്നു. കൂടുതൽ പരിശോധനയിൽ പൈശാചികമായി തലവെട്ടി കൊന്നവരുടേതായിരുന്നു അസ്ഥികൂടങ്ങളെന്നു മനസിലായി. സ്ത്രീകളുടെയും കുട്ടികളുടെയുമായിരുന്നു അവയെല്ലാമെന്നത് ഗവേഷകരുടെ നടുക്കം കൂട്ടി.
ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹോങ്ഹെ ഗ്രാമത്തിലാണ് ഈ ശവക്കുഴി കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ശിരസുകൾ ഇല്ലാത്തതിനു പുറമെ സെർവിക്കൽ കശേരുക്കളുടെ അസ്ഥികളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
സമീപത്തെ മറ്റൊരു ശവക്കുഴിയിൽനിന്നു മുൻപ് ഗവേഷകർ തലയോട്ടികൾ മാത്രം കണ്ടെത്തിയിരുന്നുവെന്നതു കൂട്ടിവായിച്ചാൽ കൂട്ടക്കൊലയുടെ ചിത്രം വ്യക്തമാകും.
മത്സ്യബന്ധനത്തിലും വേട്ടയിലും കൃഷിയിലും ഏർപ്പെട്ടിരുന്നവരായിരുന്നു പുരാതന ഹോങ്ഹെ നിവാസികൾ. പലപ്പോഴും വിഭവങ്ങളുടെ പേരിൽ അയൽ ഗോത്രങ്ങളുമായി വഴക്കുണ്ടാകുന്നത് ഇവർക്കിടയിൽ പതിവായിരുന്നു.
അത്തരം ഏതെങ്കിലും ആക്രമണത്തിൽ ശിരഛേദത്തിനിരയായവരുടെ ശരീരാവശിഷ്ടങ്ങളാകാം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് അനുമാനം. പുരാതന യുദ്ധത്തിന്റെ ക്രൂരതയെ കാണിക്കുന്നതാണ് ഈ കുഴിമാടങ്ങളെന്നു ഗവേഷകർ അഭിപ്രായപ്പെട്ടു.