ലണ്ടൻ: നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അന്‍പതോളം ഇന്ത്യൻ വിദ്യാർഥികളെ അടിമവേല ചെയ്യിപ്പിച്ച അഞ്ചു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
നഴ്സ് ദന്പതികളും അവരുടെ ബന്ധുക്കളുമാണു പിടിയിലായത്. മാത്യു ഐസക് (32), ജിനു ചെറിയാൻ (30), എൽദോസ് ചെറിയാൻ (25), എൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികളെ മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാൽ മനുഷ്യക്കടത്തും ഉൾപ്പെടും.
ദമ്പതികളും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചു പേര് ഭാഗമായ അലെക്സ കെയര്‍ സൊല്യൂഷന് എന്ന നഴ്സിങ് ഏജന്‍സിയിൽ ഒന്‍പതു മലയാളി വിദ്യാർഥികൾ ഉൾപ്പെടെ അന്‍പതോളം ഇന്ത്യൻ വിദ്യാർഥികളെയാണ് അടിമപ്പണി ചെയ്യിച്ചിരുന്നത്.
ഗാങ് മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അബ്യുസ് അഥോറിറ്റിയുടെ അന്വേഷണത്തിലാണ് സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്താകുന്നത്. ഇവർക്കെതിരേ നിരവധി ആരോപണങ്ങൾ ഇതിനുമുന്‍പും ഉയർന്നിട്ടുണ്ട്.
ശമ്പളം നൽകാതെ വിദ്യാർഥികളെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആവശ്യത്തിനു ഭക്ഷണവും വിശ്രമവും ഇവർക്കു ലഭിച്ചില്ല. വിദ്യാർഥികൾ ദയനീയ സാഹചര്യത്തിലാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാത്യു ഐസക്കും ജിനു ചെറിയാനും അലക്സ കെയർ എന്ന റിക്രൂട്ടിങ് ഏജൻസി വഴിയും വിദ്യാർഥികളെ യുകെയിൽ എത്തിച്ചിരുന്നു. ചൂഷണത്തിനിരയായ വിദ്യാർഥികൾക്കു സഹായവുമായി ഇന്ത്യൻ ഹൈക്കമ്മിഷൻ രംഗത്തെത്തി.