ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള വനിതകളുടെ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് നാലു റണ്‍സ് ജയം. മൂന്നു മത്സരങ്ങളുടെ പരന്പര ഇതോടെ ഇന്ത്യ 2-0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത് ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (103*), സ്മൃതി മന്ദാന (136) എന്നിവരുടെ മികവിൽ 50 ഓവറിൽ മൂന്നു വിക്കറ്റിന് 325 റണ്‍സ് നേടി. മൂന്നാം വിക്കറ്റിൽ മന്ദാനയും ഹർമൻപ്രീതും 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.
മന്ദാനയുടെ തുടർച്ചയായ രണ്ടാം ഏകദിന സെഞ്ചുറിയാണ്. തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന റിക്കാർഡും സ്മൃതി കുറിച്ചു.
മറുപടി ബാറ്റിംഗിൽ സെഞ്ചുറികൾ നേടിയ ലോറ വോൾവർഡ് (135*), മരിസാൻ കാപ്പ് (114) എന്നിവരുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ, കാപ്പിനെ പുറത്താക്കിയ ദീപ്തി ശർമ ഇന്ത്യയെ വിജയവഴിയിൽ തിരിച്ചെത്തിച്ചു.
പൂജ വസ്ത്രാകർ എറിഞ്ഞ അന്‍പതാം ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ 11 റണ്‍സ് വേണ്ടിയിരുന്നു. ഈ ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ആറു റണ്‍സ് മാത്രമാണ് നേടാനായത്. ദീപ്തി ശർമ, പൂജ വസ്ത്രാകർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.