സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്.
ഇത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ വച്ച് അഭ്യാസപ്രകടനം കാണിച്ച യുവാവിനാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്.
സര്സിയിലെ മാസ് സെയ്ദിനാണ് പാമ്പിന്റെ കടിയേറ്റത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദയും സെയ്ദിന്റെ വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘മൂര്‍ഖന്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന ഭയാനകമായ രീതി’ എന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്.
പത്തി വിടര്‍ത്തി നില്ക്കുന്ന പാമ്പുകളുടെ മുന്നിലിരുന്ന് സെയ്ദ് കാലും കൈയും ആട്ടുകയും അശ്രദ്ധയോടെ ഒരു പാമ്പിന്റെ വാലില്‍ പിടിച്ച് വലിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
അകലം പാലിക്കാതെയിരുന്ന സെയ്ദിന്റെ കാല്‍മുട്ടില്‍ പാമ്പ് കടിച്ചുപിടിച്ചു. കടിയേറ്റ സെയ്ദ് ഉടന്‍തന്നെ എഴുന്നേറ്റ് പാമ്പിനെ വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നിലവില്‍ സെയ്ദ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സ്നേക്ബൈറ്റ് ഹീലിങ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കധം അറിയിച്ചു. ഉഗ്രവിഷം ഇറക്കാനായി സെയ്ദിന് 46 കുപ്പി ആന്റിവെനമാണ് കുത്തിവച്ചത്.