മൂർഖൻ പാമ്പിന്റെ തല വായിലാക്കി വീഡിയോ ചിത്രീകരിക്കുന്നതിനിടെ പാമ്പുപിടുത്തക്കാരനായ യുവാവിന് കടിയേറ്റ് ദാരുണാന്ത്യം. മോച്ചി ശിവരാജാണ്(20) മരിച്ചത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം.
പാമ്പ് ശല്യത്തെ കുറിച്ച് ദേശായ്പേട്ടിലെ കോളനി നിവാസികൾ സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് പിതാവിന്റെ നിർദേശം അനുസകരിച്ച് ശിവരാജ് പാമ്പ് പിടിക്കാനെത്തി.
രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ശിവരാജ് പിടികൂടിയത്. തുടർന്ന് പാമ്പിനെയും ചേർത്ത് സെൽഫിയും വീഡിയോയും പകർത്താൻ തുടങ്ങി.
ഇതിനിടയിൽ പാമ്പിന്റെ തല തന്റെ വായിലാക്കി വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ ശിവരാജിന്റെ നാവിൽ മൂർഖൻ കൊത്തി വായിലേക്ക് വിഷം ചീറ്റി. ബോധരഹിതനായ ശിവരാജിനെ ഉടൻതന്നെ ബൻസ്വാധയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.