കുഴിമന്തിയില്‍ നിന്നും ഷവര്‍മയില്‍ നിന്നുമുള്ള ഭക്ഷ്യവിഷബാധയുടെ വാര്‍ത്തകളാണ് എവിടെയും. കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തുനിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്.
ഇപ്പോഴിതാ ബീര്‍ഭും ജില്ലയിലെ മയുരേശ്വറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
തിങ്കളാഴ്ച സ്കൂളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് മുപ്പതോളം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഇതിനിടെ സ്കൂളിലെ അധ്യാപകന് തന്നെയാണ് ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല. അതായത്, ആരുടെ ഭാഗത്താണ് പിഴവ് സംഭവിച്ചതെന്നോ ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ പാമ്പ് ഇതില്‍ വീണിരുന്നോ എന്നൊക്കെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചോറിനൊപ്പം നല്കിയ പയറിലായിരുന്നു പാമ്പിനെ കണ്ടെത്തിയതത്രേ. ഇതോടെ കുട്ടികളെ പെട്ടെന്ന് തന്നെ ആശുപത്രിയിലാക്കുകയായിരുന്നു.
എന്നാല്‍ ഒരു കുട്ടിയൊഴികെ മറ്റെല്ലാവരും തന്നെ വൈകാതെ സുഖം പ്രാപിച്ചു. നിലവില്‍ ഈ കുട്ടിയും അപകടനില തരണം ചെയ്തിട്ടുണ്ട്.
പല ഗ്രാമങ്ങളില്‍ നിന്നും സ്കൂളിലെ ഉച്ചഭക്ഷണം സംബന്ധിച്ച് പരാതികള്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. പലയിടങ്ങളിലും കുട്ടികള്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്.
പ്രൈമറി സ്കൂളുകളുടെ ജില്ലാ ഇന്‍സ്പെക്ടര്‍ക്ക് ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹം ജില്ലയിലെ പ്രൈമറി സ്കൂളുകളിലെല്ലാം സന്ദര്‍ശനം നടത്തും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദീപാഞ്ജന്‍ ജന അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സ്കൂളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ മന്ത്രവാദത്തിന് ഇരയാക്കിയെന്ന തരത്തിലൊരു വാര്‍ത്ത പുറത്തുവന്നിരുന്നു.